elephant
ഇന്നലെ കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.

 ഒരാനയ്ക്ക് 25000 മുതൽ 75000 വരെ

ഒറ്റപ്പാലം: കർക്കടകത്തിൽ ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങാണ് ആനയൂട്ട്. ആചാരപരമായ ഈ ചടങ്ങ് നടത്താൻ ഇത്തവണ പാടുപെടുകയാണ് ക്ഷേത്രകമ്മിറ്റികൾ. ആനകളെ വേണ്ടത്ര കിട്ടാനില്ലാത്തതും, ലഭ്യമാകുന്ന ആനകൾക്ക് ഉത്സവ സീസണുകളിലെ ഏക്ക തുക വേണ്ടി വരുന്നതുമാണ് പല ക്ഷേത്ര ഭാരവാഹികളെയും കുഴപ്പിക്കുന്നത്. പല ക്ഷേത്രങ്ങളും ആനയൂട്ട് ചടങ്ങ് മാത്രമായി നടത്താൻ പ്രയാസപ്പെടുകയാണ്. കർക്കടകം പിറക്കുന്നതോടെയാണ് ക്ഷേത്രങ്ങളിൽ ആനയൂട്ടിന് തുടക്കമാകുക. ചില ക്ഷേത്രങ്ങൾ ആനയെ ലഭിക്കാത്തതിനാൽ ഊട്ട് ഒഴിവാക്കിയിരിക്കുകയാണ് ഇത്തവണ. ഇതിൽ പലരും ചിങ്ങമാസത്തിലേക്കും ചടങ്ങ് മാറ്റിയിട്ടുണ്ട്. നാട്ടാനകളുടെ കുറവാണ് ക്ഷേത്രങ്ങളിലെ ആനയൂ ട്ടുകളെയും ബാധിച്ചിരിക്കുന്നത്. ഉത്സവ സീസൺ കഴിഞ്ഞതോടെ പല ആനകളും മദപ്പാടിലാണ്. ഏഴു മാസത്തിനിടെ പത്തിലേറെ നാട്ടാനകൾ ചരിഞ്ഞതും പ്രതിസന്ധിയായി. ആനയൂട്ടിന് മൂന്ന് മുതൽ പതിനൊന്ന് വരെ ആനകളെ പങ്കെടുപ്പിച്ചിരുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാൽ ആനകൾക്ക് ഊട്ടിന് ഏക്കത്തുക വർദ്ധിച്ചതോടെ പലരും ഇവയുടെ എണ്ണം കുറയ്ക്കുകയാണ്. പേരുകേട്ട വലിയ ആനകൾക്ക് 40,000 മുതൽ ഏക്കം നൽകണം. എങ്ങനെയായാലും 25,000 മുതൽ 70,000 രൂപ വരെയാണ് ഒരാനയ്ക്ക് മാത്രം ചെലവ് വരുന്നത്. പാപ്പാൻമാരുടെ ബാറ്റയും ലോറി വാടകയും ഏക്കവുമൊക്കെയായി ഊട്ടിന് ഇത്തവണ കമ്മിറ്റിക്കാർക്ക് ചെലവ് കൂടുതലാണ്.
ശനി, ഞായർ ദിവസങ്ങളിൽ ഗണപതിഹോമത്തിന് പോലും ഒരാനയെ ലഭിക്കാത്ത സ്ഥിതിയാണ്. ആനകളുടെ കുറവ് കാരണം ഒരേ ദിവസം രണ്ട് ഊട്ടുകൾ വരെ എടുക്കുന്ന ആന ഉടമകളുമുണ്ട്. ആനകളെ എത്തിക്കുന്നതിന്റെ ഭാരിച്ച ചെലവ് കാരണം പല ക്ഷേത്രങ്ങളും ആനയൂട്ടിന്റെ പ്രചാരണം പോലും തുടങ്ങിയിട്ടില്ല. ആഗസ്റ്റ് 17ന് വടക്കുംനാഥ ക്ഷേത്രത്തിലാണ് കൂടുതൽ ആനകൾ പങ്കെടുക്കുന്ന ആനയൂട്ട് നടക്കുന്നത്. പരിയാനംപറ്റ, ചിനക്കത്തൂർ, പുത്തനാൽക്കൽ പുന്നാംപറമ്പ് തുടങ്ങിയ ക്ഷേത്രങ്ങളിൽ മൂന്ന് മുതൽ ഏഴ് വരെ ആനകളെ ഊട്ടിന് പങ്കെടുപ്പിക്കാറുണ്ട്. ആനകളുടെ കുറവ് സാമ്പത്തികമായും ഊട്ടിനെ ബാധിക്കുന്നുണ്ടെന്ന് ചിനക്കത്തൂർക്കാവ് ആനയൂട്ട് കമ്മിറ്റി ട്രഷറർ എം.സുഭാഷ് പറഞ്ഞു. കർക്കടകത്തിൽ 25ലേറെ ക്ഷേത്രങ്ങളിൽ ആനയൂട്ടിന് ബുക്കിംഗ് ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ അഞ്ചെണ്ണം മാത്രമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളതെന്ന് ആന ഏജന്റ് ആനന്ദ് പറഞ്ഞു.