ഷൊർണൂർ: ബ്രഹ്മപുരത്തെ മാലിന്യ കൂനക്ക് തീ പിടിച്ചുണ്ടായ അപകടാവസ്ഥയിൽ നിന്നുണ്ടായ തിരിച്ചറിവ് കേരളമാകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ദ്രുതഗതിയിൽ തുടങ്ങാൻ അവസരമായതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. ഷൊർണൂരിൽ ഒരു കോടി പത്ത് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച് നഗരസഭാ ബസ്റ്റാൻഡ് പരിസരത്ത് നിർമ്മിച്ച സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ കുറച്ച് കാലമായുള്ളൂ ഇത്തരം പദ്ധതികൾക്ക് തുടക്കമിടാൻ തുടങ്ങിയിട്ട്. ശുചിത്വ മിഷന്റെ ഭാഗമായി മാലിന്യ മുക്ത നവകേരള കാമ്പയിനിംഗ് വളരെ മികച്ച രീതിയിൽ കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടന്ന് വരുന്നതിൽ മന്ത്രി സന്തോഷം പങ്കിട്ടു. ഷൊർണൂർ എം.എൽ.എ പി.മമ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. നഗസഭാ ചെയർമാൻ എം.കെ.ജയപ്രകാശ്, നഗരസഭാ സെക്രട്ടറി പി.എസ്.രാജേഷ്, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ജി.വരുൺ, മുനിസിപ്പൽ എഞ്ചിനിയർ ഇ.പി.ഷൈനി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ദിൻഷാദ്, വിജയ പ്രകാശ് ശങ്കർ, നഗരസഭാ വൈസ് ചെയർപേഴ്സൺ പി.സിന്ധു തുടങ്ങിയവർ സംസാരിച്ചു.