പാലക്കാട്: സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ഖൊ ഖൊ ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ മൂന്ന് കാറ്റഗറിയിലായുള്ള ആറ് മത്സരങ്ങളിൽ അഞ്ചിലും വ്യാസ വിദ്യാപീഠം ചാമ്പ്യന്മാരായി. 14 വയസിൽ താഴെയുള്ള ആൺ, പെൺ വിഭാഗത്തിലും 17 വയസിൽ താഴെ ആൺ പെൺ വിഭാഗത്തിലും 19 വയസിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിലും കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിന് വിജയ കിരീടം. 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യാസ മൂന്നാം സ്ഥാനവും ഉറപ്പിച്ചു. എസ്.എൻ.പി.എസ് എലപ്പുള്ളിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 14നു താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ രണ്ടാം സ്ഥാനവും എസ്.എൻ.പി.എസ് കരസ്ഥമാക്കി. 17 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആൻസ് മുട്ടികുളങ്ങരയും ആൺകുട്ടികളുടെ വിഭാഗത്തിൽ പ്രശാന്തി വിദ്യാകേന്ദ്ര കാസർകോടും രണ്ടാം സ്ഥാനം കരസ്ഥമാക്കി. 19ന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ വിദ്യാ വിഹാറിനാണ് രണ്ടാം സ്ഥാനം. തുടർച്ചയായ നാലാം തവണയാണ് വ്യാസ ഈ നേട്ടം കൈവരിക്കുന്നത്. സമാപന സമ്മേളനത്തിൽ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഖോ ഖോയിൽ പ്രമുഖയായ ആർ.ഷിജിത വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യ്തു. സ്റ്റേറ്റ് ഖോ ഖോ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.ഭാസ്‌കരൻ, ജില്ല പ്രസിഡന്റ് കെ.അശോകൻ, സെക്രട്ടറി ശ്രീജിത്ത്, വ്യാസ വിദ്യാപീഠം പ്രിൻസിപ്പൽ ചെന്താമരാക്ഷൻ, മാനേജ്‌മെന്റ് സെക്രട്ടറി അഡ്വ.ശ്രീനാഥ് ശങ്കർ, വൈസ് പ്രിൻസിപ്പൽ എ.ബി.രാമ പ്രസാദ്, സ്‌കൂൾ മാനേജർ മധുസൂദനൻ, ഹെഡ്മിസ്ട്രസ് പി.ബി.സുലേഖ എന്നിവർ പങ്കെടുത്തു.