പാലക്കാട്: പാലക്കാട്- പൊള്ളാച്ചി സംസ്ഥാനന്തര പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുവാഹനങ്ങളടക്കം ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയിൽ മുഴുവനും കുണ്ടും കുഴിയുമാണ്. പാലക്കാട് ബി.പി.എൽ കൂട്ടപാത ജംഗ്ഷനിൽ നിന്ന് കൊഴിഞ്ഞാമ്പാറ, ഗോപാലപുരം വരെ നീളുന്നതാണ് പാത. അപകട മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും അപകടങ്ങൾക്ക് യാതൊരു കുറവുമില്ല. 24 കിലോമീറ്ററോളം വരുന്ന പാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണുണ്ടായത്. മൂന്നു മാസത്തിനിടെ അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും 25ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂട്ടുപാത മുതൽ ഇരട്ടക്കുളം വരെ നല്ല റോഡുണ്ടെങ്കിലും വീതി കുറവാണ്. പത്തിലധികം വളവുകളും ഇരുഭാഗത്തായി വളർന്നിട്ടുള്ള കുറ്റിക്കാടുകളും അപകടമുണ്ടാക്കുന്നുണ്ട്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾക്കിടയിലേക്ക് തെരുവുനായ്ക്കളും കാട്ടുപന്നികളും ചാടി അപകടമുണ്ടാകുന്നതും പതിവാണ്. ഇരട്ടയാൽ, വള്ളേക്കുളം, പള്ളത്തേരി, പാറ, നോമ്പക്കോട്, നെയ്തലംപാലം എന്നിവിടങ്ങളെല്ലാം അപകടസാധ്യതാ മേകലകളാണ്.
ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള 12 കലോമീറ്ററോളമുള്ള ഭാഗമാണ് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നത്. റോഡ് പകുതിയിലധികവും തകർന്നു. കഴിഞ്ഞ ഡിസംബറിൽ റോഡ് നന്നാക്കാൻ കരാറൊപ്പിട്ടിരുന്നു. 3.55 കോടിരൂപ ചെലവിട്ട് നാലുമാസത്തിനുള്ളിൽ പൂർത്തീകരിക്കാമെന്നായിരുന്നു കരാറെങ്കിലും പ്രവൃത്തി നടന്നില്ല. തുടന്ന് ജൂണിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ റോ‌ഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ അങ്കണവാടി അദ്ധ്യാപിക മരിച്ചതിനെ തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നു. തുടർന്ന് കുറച്ചുഭാഗത്ത് കുഴികളടച്ചെങ്കിലും മഴപെയ്തതോടെ റോഡ് വീണ്ടും പഴയ നിലയിലായി. ടാർ അടർന്നു കിടക്കുന്ന റോഡിലൂടെ കുലുങ്ങാതെ യാത്രചെയ്യാനാവാസ്ഥ സ്ഥിതിയാണ്. മഴപെയ്താൽ പ്രശ്നം രൂക്ഷമാകും. വെള്ളം കെട്ടിനിൽക്കുന്നതിനാൽ ആഴമുള്ള കുഴികൾ തിരിച്ചറിയാനും സാധിക്കില്ല. മഴ മാറിയാൽ സെപ്റ്റംബറോടെ അറ്റകുറ്റപ്പണി നടത്തുമെന്നാണ് കരാറുകാരൻ അധികൃതരെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതുവരെയും അപകടക്കുഴികൾ താണ്ടിവേണം ആളുകൾക്ക് യാത്രചെയ്യാൻ.