വടക്കഞ്ചേരി: മാസങ്ങളായി കടുത്ത ക്ഷാമം നേരിട്ടിരുന്ന നാടൻ തേങ്ങ മാർക്കറ്റിൽ കൂടുതലായി എത്തിത്തുടങ്ങിയിട്ടും വില കാര്യമായി കുറഞ്ഞിട്ടില്ല.
നാട്ടിൽ പല ഭാഗത്തുനിന്നും നാളികേരം എത്തുന്നുണ്ടെന്ന് പാളയത്തെ കർഷക സ്വാശ്രയസംഘം പ്രസിഡന്റ് എം.ഇ.കണ്മണി പറഞ്ഞു. സംഘത്തിൽ കിലോയ്ക്ക് 68 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് നാളികേരം എടുക്കുന്നത്. പൊതുവിപണിയിൽ നാളികേര വില 75-80 രൂപയാണ്. ലഭ്യത കൂടിയിട്ടും കടകളിൽ വില കുറയുന്നില്ല. ഓണം വിപണി ലക്ഷ്യം വച്ചുള്ള കൃത്രിമ വില വർദ്ധനവാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഓണം സീസണിൽ വില ഉയരുമെന്ന കണക്കുകൂട്ടലിൽ സൂക്ഷിച്ചു വച്ചിരുന്ന നാളികേരവും ഇപ്പോൾ വിപണിയിലെത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. മഴ വിട്ടുനിന്നാൽ തേങ്ങ വരവ് ഇനിയും കൂടും. ഇതോടെ തേങ്ങ വില കുറയുമെന്നാണ് പ്രതീക്ഷ. വെളിച്ചെണ്ണ വിലയും ഇനി കാര്യമായി ഉയരാൻ സാദ്ധ്യതയില്ലെന്ന് നാളികേര വ്യാപാരികൾ പറയുന്നു. തുടർച്ചയായ മഴയിൽ പച്ചക്കറി ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നെങ്കിലും മഴയ്ക്ക് ശമനമായതോടെ പച്ചക്കറികളുടെ വരവും കൂടിയിട്ടുണ്ടെന്ന് കർഷകസംഘം പ്രസിഡന്റ് പറഞ്ഞു.
തമിഴ്നാട്ടിൽ തേങ്ങ സീസൺ
തമിഴ്നാട്ടിൽ നാളികേരത്തിന്റെ സീസണാണിപ്പോൾ. അതിനാൽ വെളിച്ചെണ്ണ വില നിശ്ചയിക്കുന്ന കാങ്കയത്തേക്ക് കേരളത്തിൽ നിന്നും നാളികേര കയറ്റുമതിയില്ല. മുൻവർഷങ്ങളിലെല്ലാം മഴക്കാലത്ത് കാങ്കയത്തേക്ക് കേരളത്തിൽ നിന്ന് ലോഡ് കണക്കിന് നാളികേരമാണ് കയറ്റി പോയിരുന്നത്. മഴ മാസങ്ങളിൽ നാടൻ നാളികേരം നൂറ് കിലോ ഉണക്കിയാൽ 25 കിലോ കൊപ്രയെ കിട്ടു. അതിനാൽ കാങ്കയത്തുകാർക്കും കേരള നാളികേരം വേണ്ട. തമിഴ്നാട്ടിൽ നാളികേര സീസണായതിനാൽ നാട്ടിൽ നാളികേര ലഭ്യതയും ഇനി കൂടും. അതുവഴി തേങ്ങ വിലയും വെളിച്ചെണ്ണ വിലയും കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ഇനി തമിഴ്നാട് നാളികേരവും മാർക്കറ്റുകളിലെത്തും. ശുദ്ധമായ നാടൻ വെളിച്ചെണ്ണ വില കിലോയ്ക്ക് ഇപ്പോൾ 450-500 രൂപയാണ്.
.