ananganadi
അനങ്ങനടി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയ പ്ലാക്കാട്ടുക്കുളം.

അനങ്ങനടി: ഗ്രാമപഞ്ചായത്തിലെ വർഷങ്ങൾ പഴക്കമുള്ള പ്ലാക്കാട്ടുകുളം നവീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. 11 ന് ഉച്ചയ്ക്ക് 12ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്ലാക്കാട്ടുകുളം നാടിന് സമർപ്പിക്കും. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. പി.മമ്മിക്കുട്ടി എം.എൽ.എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. 75 വർഷത്തോളം പഴക്കമുള്ള പ്ലാക്കാട്ടുകുളം പഞ്ചായത്ത് ഓഫീസിന് പിൻവശത്തായി 1.25 ഏക്കർ വിസ്തീർണത്തിലാണ് കുളം സ്ഥിതിചെയ്യുന്നത്. പായലും ചെളിയും നിറഞ്ഞ കുളം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പാണ് പുനരുജ്ജീവിപ്പിച്ച് മനോഹരമാക്കിയത്. കുളത്തിനു ചുറ്റും സംരക്ഷണ ഭിത്തി, ഇരുമ്പ് ഗ്രില്ല്, ഇന്റർ ലോക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരു വേനലിലും വറ്റാത്ത ജലസംഭരണി കൂടിയായ പ്ലാക്കാട്ടുളം സമീപത്തെ മുന്നൂറ് ഏക്കറോളം വരുന്ന കൃഷിക്കും ജലസേചനത്തിനായി ഉപയോഗിക്കാം. കുളം നവീകരിച്ച് വീണ്ടെടുത്തതോടെ നിരവധി പേർ ഇവിടെ നീന്തൽ പരിശീലനവും നടത്തുന്നുണ്ട്. സുഗമമായ നീന്തൽ പരിശീലനത്തിനാവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയാണ് കുളം നവീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുളത്തിലെ ഒരു ഭാഗം ആഴം കുറച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.