മുതലമട: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തി കിഫ്ബി വഴി അനുവദിച്ച 3.9 കോടി ചെലവഴിച്ച് മുതലമട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന 18 ക്ലാസ് മുറികളുള്ള ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും, എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച, പെൺകുട്ടികൾക്കുള്ള വിശ്രമമുറിയായ 'തണലിട'ത്തിന്റെ ഉദ്ഘാടനവും കെ.ബാബു എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശാലിനി കറുപ്പേഷ് അദ്ധ്യക്ഷത വഹിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷേയ്ക്ക്, ബ്ലോക്ക് പഞ്ചായത്തംഗം എ.സി.ജയിലാവുദ്ദീൻ, പഞ്ചായത്തംഗം സി.നസീമ, വിദ്യാകിരണം പദ്ധതി ജില്ലാ കോഓർഡിനേറ്റർ കെ.എൻ.കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് ബാബു ഷേയ്ക്ക് ഇക്ബാൽ, എസ്.എം.സി ചെയർമാൻ കെ.ശിവദാസൻ, പ്രിൻസിപ്പൽ ഇൻ ചാർജ് സജിത് ആന്റണി, പ്രധാനാദ്ധ്യാപിക എൻ.പത്മ എന്നിവർ സംസാരിച്ചു. സ്‌കൂൾ വിജയോത്സവത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും എം.എൽ.എ നിർവഹിച്ചു.