ഷൊർണൂർ: ട്രെയിൻ മാർഗമുള്ള കഞ്ചാവ് കടത്ത് വൻതോതിൽ വർദ്ധിക്കുന്നു. ഇന്നലെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും റെയിൽവെ പൊലീസ് ആറ് കിലോ കഞ്ചാവ് കണ്ടെത്തി. ഉച്ചയോടെ ഷൊർണൂരിലെത്തിയ മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സപ്രസിന്റെ ജനറൽ കംപാർട്ട്‌മെന്റിലാണ് ആളില്ലാത്ത നിലയിൽ കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തിയത്. പൊലീസിന്റെ പരിശോധന കണ്ട് കഞ്ചാവ് കടത്ത് സംഘം രക്ഷപ്പെട്ടതാവാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവൈ.എസ്.പി എം.ശശിധരന്റെ നിർദ്ദേശ പ്രകാരം ട്രെയിൻ പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തിയത്. എസ്.ഐ അനിൽ മാത്യു, ആർ.പി.എഫ്.എസ് ഐ.അജിത്ത്, പി.വി.രമേഷ് (ഡാൻസാഫ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.