ഒറ്റപ്പാലം: കർക്കടക മാസത്തിൽ ക്ഷേത്രങ്ങളിലും വീടുകളിലും നടക്കുന്ന നിറപുത്തരി ചടങ്ങുകൾക്ക് വേണ്ട നെൽക്കതിരുകൾക്ക് ക്ഷാമം. ആചാര മഹിമയോടെ നടത്തപ്പെടുന്ന ഇല്ലംനിറയ്ക്കായി നെൽ കതിരുകൾ തേടി നടക്കേണ്ട സ്ഥിതിയാണ്. വള്ളുവനാട്ടിൽ കർഷകർ ഒന്നാം വിള വൈകിയിറക്കിയതാണ് കതിരിന് ക്ഷാമമുണ്ടാക്കിയതെന്ന് പറയുന്നു. ഏപ്രിൽ പകുതിയിലാണ് കർഷകർ ഒന്നാം വിള കൃഷിയിറക്കാറുള്ളത്. ഇങ്ങനെയിറക്കിയ നെല്ല് കർക്കടകത്തോടെ കതിരായി ഓണത്തിനുമുൻപ് കൊയ്‌തെടുക്കാൻ പാകത്തിലാകും. കുറച്ചു വർഷങ്ങളായി നഷ്ടങ്ങൾ മാത്രമായതോടെ ഒറ്റപ്പാലം മേഖലയിൽ ഒന്നാം വിളപലരും ഉപേക്ഷിച്ചിരിക്കുകയാണ്. നെല്ല് വിളയേണ്ട പാടങ്ങളിൽ കള നിറഞ്ഞുനിൽക്കുകയാണ്. ഓണം വരെ പല ക്ഷേത്രങ്ങളിലും ഇല്ലം നിറയും, നിറപുത്തരിയും ആഘോഷിക്കുന്നുണ്ട്. മിക്ക ക്ഷേത്രങ്ങളും കടത്തുകൂലിക്കു പുറമേ 80 രൂപ മുതൽ 100 രൂപ വരെ നൽകിയാണ് നെൽചുരുട്ടുകൾ വാങ്ങിയത്. കൃഷിയില്ലാത്തവർ ഇപ്പോൾ ക്ഷേത്രങ്ങളിൽ നിന്നുള്ള നിറപുത്തരിച്ചടങ്ങിൽ ലഭിക്കുന്ന കതിരുകളാണ് വീട്ടിലും പൂജാമുറിയിലുമൊക്കെ വയ്ക്കുന്നത്. ക്ഷേത്രങ്ങളിൽ ഗോപുരത്തിൽ എത്തിക്കുന്ന ചുരുട്ടുകൾ വിളക്കിന്റെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയിൽ 'നിറ.. നിറ... പൊലി.. പൊലി'.. എന്ന് ചൊല്ലി പ്രദക്ഷിണം ചെയ്താണ് ചടങ്ങിന് തുടക്കമാകുക. പൂജിച്ച കതിരുകൾ ഇതിനുശേഷം ഭക്തർക്ക് നൽകുമെന്ന് തൃക്കങ്ങോട് കാവിൽ മഠം രാമരാജൻ പറഞ്ഞു. പ്രസാദമായി കതിരുകൾ വീടുകളിലും തെങ്ങുകളിലും ഫലവൃക്ഷ തൈകളിലും കെട്ടിവെക്കുന്ന വിശ്വാസവും നിലവിലുണ്ട്.