പാലക്കാട്: ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം പാലക്കാട് ജില്ലയിയിലെ 57 സർക്കാർ ആശുപത്രിയിൽ സജ്ജമായി. പാലക്കാട് ഗവ.മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ജില്ലാ വനിതാ ശിശു ആശുപത്രി, അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്‌പെഷ്യൽ ആശുപത്രി, നാല് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 41 കുടുംബാരോഗ്യ കേന്ദ്രം, രണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രം, ആറ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഇ-ഹെൽത്ത് നിലവിൽ വന്നത്. മുണ്ടൂർ, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഈ മാസത്തോടെ പദ്ധതി യാഥാർത്ഥ്യമാകും. ആശുപത്രികളിൽ ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് നടപ്പാക്കുകയാണ് ഇ-ഹെൽത്തിന്റെ ലക്ഷ്യം. ഇതിലൂടെ ഒ.പിയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയും. ഡോക്ടറുടെ സേവനവും മരുന്നു വാങ്ങലും ഉൾപ്പെടെ ചികിത്സാ സംബന്ധമായ എല്ലാം ഓൺലൈനിലൂടെ സമയബന്ധിതമാകും. യു.എച്ച്.ഐ.ഡി കാർഡിലൂടെ ചികിത്സ ഡിജിറ്റലൈസ് ചെയ്യുന്നതിനാൽ പ്രൈമറിതലം മുതൽ മെഡിക്കൽ കോളേജുവരെയുള്ള ചികിത്സ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും കഴിയും.
യുണിക്ക് ഹെൽത്ത് ഐ.ഡി
ഇ ഹെൽത്ത് സേവനങ്ങൾ ലഭിക്കുവാൻ ആദ്യം തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. https://ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. ആധാർ നമ്പർ നൽകുമ്പോൾ ഒ.ടി.പി വരും. ഒ.ടി.പി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് അപ്പോയ്ൻമെന്റ് എടുക്കാൻ സാധിക്കും.
അപ്പോയിന്റ്‌മെന്റ് എടുക്കാം എളുപ്പത്തിൽ
പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ൻമെന്റ് ക്ലിക്ക് ചെയ്യുക. റഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസം ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. ടോക്കൺ പ്രിന്റും എടുക്കാം. ടോക്കൺ വിവരങ്ങൾ എസ്.എം.എസ് ആയും ലഭിക്കും. പോർട്ടൽ വഴി ചികിത്സാ വിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്ക്രിപ്ഷൻ എന്നിവ ലഭ്യമാണ്.