അട്ടപ്പാടി: ആദിവാസി മേഖലയിൽ വിദ്യാഭ്യാസത്തിനായി മികച്ച രീതിയിലുള്ള സൗകര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ഷോളയൂർ ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്ട്രീം ഹബ്ബ് ഉദ്ഘാടനവും നിർവഹിക്കുകയായിരിന്നു സ്പീക്കർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അങ്കണവാടി മുതൽ ഹയർ സെക്കൻഡറിതലം വരെ കാതലായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. വിദേശ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് സർക്കാർ സഹായം നൽകുന്നുണ്ട്. വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികൾ വായനക്കും പ്രാധാന്യം നൽകണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച മൂന്ന് കോടി 90 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. അട്ടപ്പാടിയുടെ തനത് കലാരൂപമായ കുമ്മികളി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സ്‌കൂളിന് സ്ഥലം നൽകിയ കുടുംബങ്ങളുടെ പ്രതിനിധികളായ മല്ലയ്യൻ, പി.ജി.ജെയിംസ്, മല്ലീശ്വര അവാർഡ് ജേതാവ് അജിത് ഷോളയൂർ എന്നിവരെ ആദരിച്ചു. കില പി.എം.യു എൻജിനീയറിംഗ് കൺസൾട്ടന്റ് ടി.എ.ഫാസിൽ അസ്‌ലം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.സനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ഷാജു പെട്ടിക്കൽ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രാമമൂർത്തി, വൈസ് പ്രസിഡന്റ് എസ്.രാധ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.ജിതേഷ്, പഞ്ചായത്ത് വാർഡ് അംഗങ്ങളായ വി.ലതകുമാരി, ശാലിനി ബിനുകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എം.എസ്.സുമ, പ്രധാനദ്ധ്യാപക പി.എം.മൈമൂനതുടങ്ങിയവർ പങ്കെടുത്തു.