മണ്ണാർക്കാട്: മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർത്ഥികളുടെ സ്‌ക്രീൻ ടൈം നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. തെങ്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമിത ഉപയോഗം വിദ്യാർത്ഥികളുടെ സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും അവരുടെ അഭിപ്രായങ്ങളിൽ ബാഹ്യ ഇടപെടലുകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. 'ശേഷിയുള്ളവന്റെ അതിജീവനമാണ് പുതിയ കാലം' എന്ന് പറഞ്ഞ സ്പീക്കർ, അക്കാഡമിക് പഠനത്തോടൊപ്പം പുറത്തുള്ള കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും ഓർമ്മിപ്പിച്ചു. അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനായി. കെ.ശാന്തകുമാരി എം.എൽ.എ മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-23ലെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 95 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ടി.എം.സുധ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂർ കോൽക്കളത്തിൽ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം രമ സുകുമാരൻ, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സ്‌കൂൾ പി.ടി.എ പ്രസിഡന്റുമായ മുഹമ്മദ് ഉനൈസ്, പഞ്ചായത്തംഗം സന്ധ്യ ഷിബു, മണ്ണാർക്കാട് എ.ഇ.ഒ സി.അബൂബക്കർ, ബി.പി.സി മണികണ്ഠൻ, പ്രധാനദ്ധ്യാപിക ടി.ആർ.പങ്കജം, എച്ച്.എസ്.എസ്.ടി സീനിയർ അസിസ്റ്റന്റ് പി.ജി.ജ്യോതിതുടങ്ങിയവർ പങ്കെടുത്തു.