ശ്രീകൃഷ്ണപുരം: ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്നു വരുന്ന സുബ്രതോ കപ്പ് സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്‌ബാൾ മത്സരങ്ങളുടെ രണ്ടാം ദിനം ആവേശകരമായി. ഇന്നലെ 28 ടീമുകളാണ് കളത്തിലിറങ്ങിയത്. ഇടക്കിടെ പെയ്ത മഴയിലും ആവേശം ചോരാതെ കുട്ടികൾ ഗോളിനായി കുതിച്ചു. പാലക്കാട് ജില്ലയിൽ നിന്ന് ഏഴും തൃശ്ശൂർ ജില്ലയിൽ നിന്ന് അഞ്ചും, മലപ്പുറം ജില്ലയിൽ നിന്ന് നാലും, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് 2 വീതവും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്ന് ഒന്ന് വീതവും ടീമുകൾ ഇന്നലെ മത്സരത്തിൽ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ മത്സരം കാണാനെത്തി. ഇന്നലത്തെ മത്സരങ്ങളിൽനിന്ന് രണ്ടാം ഘട്ട മത്സരങ്ങളിലേക്ക് യോഗ്യത നേടിയ ടീമുകൾ. സി.പൂളിൽ നിന്നും ജി.വി.എച്ച്.എസ്.എസ് നിലമ്പൂർ, സെന്റ് റാഫേൽ, സി.ജി.എച്ച്.എസ്.എസ് ഒല്ലുർ, ജി.എച്ച്.എസ്.എസ് പനങ്കണ്ടി, വയനാട്, എസ്.എ.എം.ജി.എം.ആർ.എസ്.എസ് വെള്ളായണി എന്നീ സ്‌കൂളുകളും ഡി.പൂളിൽ നിന്നും എൽ.ബി.എസ്.എം.എച്ച്.എസ്.എസ് അവിട്ടത്തൂർ, എസ്.സി.എസ്.എച്ച്.എസ്.എസ് തിരുവല്ല, സമൂഹം എച്ച്.എസ്.എസ് എറണാകുളം, ജി.വി.എച്ച്.എസ്.എസ് (സ്‌പോർട്സ്) കണ്ണൂർ എന്നീ സ്‌കൂളുകളും തിങ്കളാഴ്ച നടന്ന മത്സരങ്ങളിൽ എ പൂളിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ ബുധനാഴ്ച്ച സി പൂളിലെ യോഗ്യത നേടിയ ടീമുകളുമായും, ബി പൂളിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ ഡി പൂളിലെ യോഗ്യത നേടിയ ടീമുകളുമായും മത്സരിക്കും.