പാലക്കാട്: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ. മണ്ണാർക്കാട്, അലനല്ലൂർ, തിരുവിഴാംകുന്ന്, എടത്തനാട്ടുകര തുടങ്ങിയ കിഴക്കൻ മേഖലകളിലും ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലുമാണ് ശക്തമായ മഴ ലഭിച്ചത്. വാണിയംകുളം പനയൂരിൽ ഉരുൾപ്പൊട്ടിയെന്ന് ആശങ്ക ഉയർന്നു. സംഭവ സ്ഥലത്ത് റവന്യൂ സംഘം പരിശോധന നടത്തി. റവന്യൂ ഉദ്യോഗസ്ഥരും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോസ്ഥരും എത്തി വിശദമായ പരിശോധന നടത്തി. ഉരുൾ പൊട്ടിയിട്ടില്ലെനാണ് വിലയിരുത്തൽ. കനത്ത മഴയിൽ വെള്ളം കയറിതോടെ ഷോർണൂർ ഇറിഗേഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ മേശപ്പുറത്ത് കയറിയിരിക്കേണ്ട സ്ഥിതിയുണ്ടായി. അതേസമയം, പാലക്കാട് നഗരത്തിൽ നേരിയ മഴ മാത്രമാണുണ്ടായത്. മലയോര മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലകളിൽ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. അലനല്ലൂർ എടത്തനാട്ടുകര കണ്ണംകുണ്ട് ചപ്പാത്ത് ഇന്നലെ രാവിലെ മുതൽ വെള്ളത്തിനടിയിലായതോടെ റൂട്ടിലെ ഗതാഗതം പൂർണ്ണമായി നിലച്ചു. മണ്ണാർക്കാട് തേങ്കര കഞ്ഞിരം റോഡിലെ കോൽപ്പാടം ചപ്പാത്തും കവിഞ്ഞൊഴുകുകയാണ്. ഇതോടെ തേങ്കര, കഞ്ഞിരം പഞ്ചായത്തുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്‌കൂളുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകേണ്ട വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് ആളുകൾ വഴിയിൽ കുടുങ്ങി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് വാണിയംകുളം പനയൂർ ഇളംകുളം പ്രദേശത്ത് ശക്തമായ മഴയിൽ മയിൽവാഹനം എസ്‌റ്റേറ്റ് പ്രദേശത്തു നിന്നും വെള്ളം കുത്തി ഒലിച്ചുവന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത് . ഭയാനകമായ ശബ്ദം കേട്ടതോടെ പ്രദേശവാസികൾ ഉരുൾപൊട്ടലുണ്ടായി എന്ന ആശങ്കയിൽ വീടുവിട്ട് ഓടി. വീട്ടുമുറ്റങ്ങളിൽ മണ്ണും ചെളിയും നിറഞ്ഞിരുന്നു. മൂന്ന് വീടുകളുടെ പാർശ്വഭിത്തികൾ ഇടിഞ്ഞു താഴ്ന്നു. ആദ്യം ഓടിയെത്തിയ പഞ്ചായത്ത് അംഗം ഇ.പി.രഞ്ജിത്ത് റവന്യൂ വകുപ്പിനെ വിവരം അറിയിച്ചു. തഹസിൽദാർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മഴവെള്ളം ഒഴുകിയെത്തിയ കുന്നിൻ പ്രദേശങ്ങളിലും നാശനഷ്ടം സംഭവിച്ച വീടുകളിലും പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തഹസിൽദാർ എം.സി.അബ്ദുൽ മജീദ് പറഞ്ഞു. ഇതിനു പിന്നാലെ ജിയോളജി വകുപ്പ് ഉദ്യോസ്ഥരും എത്തി പരിശോധന നടത്തി. മണിക്കൂറുകളോളം പെയ്ത മഴയിൽ സമീപത്തെ റബർ എസ്‌റ്റേറ്റിൽ നിന്നുള്ള വെള്ളം കുത്തി ഒലിച്ച് വന്നതാകാമെന്നാണ് പരിശോധന സംഘം പറയുന്നത്.