പാലക്കാട്: ഈ ഓണക്കാലത്ത് മറുനാട്ടിലെ മലയാളികൾ കേരളക്കര പിടിക്കാൻ അല്പം വിയർക്കും. ഓണത്തോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ട്രെയിൻ സർവീസുകളിൽ പ്രത്യേക നിരക്കാണ് റെയിൽവേ ഈടാക്കുന്നത്. നിലവിലുള്ള നിരക്കിന്റെ 1.3 ശതമാനം അധികം തുകയാണ് സ്‌പെഷൽ ട്രെയിനിൽ ഈടാക്കുന്നത്. സമീപ ദിവസങ്ങളിൽ കേരളത്തിലേക്ക് സാധാരണ സർവീസ് നടത്തുന്ന ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ പ്രധാന നഗരങ്ങളിൽ നിന്നും സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവടങ്ങളിൽ നിന്ന് ആഗസ്റ്റ് 29 മുതൽ പുറപ്പെടുന്ന ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. സെപ്തംബർ അഞ്ചിനാണ് തിരുവോണം. ദക്ഷിണ റെയിൽവേ ഓണത്തിരക്ക് കുറക്കാൻ ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് മൂന്നും, മംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ആലപ്പുഴ വഴി എട്ടും, മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് കോട്ടയം വഴി മൂന്നും, ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും ഒമ്പതും സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം സ്‌പെഷ്യൽ നിരക്കിലാണ് സർവീസ് നടത്തുന്നത്. മാത്രമല്ല, ഇവയിൽ ജനറൽ കോച്ചുകളും ഒഴിവാക്കിയിട്ടുണ്ട്.

സ്റ്റോപ്പുകൾ കുറവായതിനാൽ കുടുതൽ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. കൊവിഡിനു മുമ്പ് വരെ തിരക്കേറിയ സമയത്ത് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാറുണ്ടായിരുന്നെങ്കിലും സ്‌പെഷ്യൽ നിരക്ക് വാങ്ങിയിരുന്നില്ല. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ഓണത്തിന് പ്രത്യേക ട്രെയിനുകൾ ഉണ്ടായിരുന്നില്ല. ചെന്നൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്ന് മാത്രമാണ് അനുവദിച്ചത്. ഓണാവധിക്ക് ദീ‌ർഘദൂര സ്വകാര്യ ബസുകളിൽ ടിക്കറ്റിന് അമിത നിരക്കാണ് ഈടാക്കുക.