school
ചിറ്റൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ

ചിറ്റൂർ: സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ പുതിയ അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിർവഹിക്കും. വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പങ്കെടുക്കും. 1960ൽ 40 വിദ്യാർത്ഥികളുമായാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ നിലവിൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, ഫിറ്റിംഗ്, ടേണിംഗ്, വെൽഡിംഗ് തുടങ്ങി ആറ് പ്രത്യേക ട്രേഡുകളിലായി 360 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പഠനത്തിനപ്പുറം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും സ്‌കൂൾ ജില്ലയിൽ മുന്നിലാണ്. തുടർച്ചയായി ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം സ്‌കൂൾ കരസ്ഥമാക്കി. പുതിയ അക്കാഡമിക് ബ്ലോക്ക് കൂടി യാഥാർഥ്യമാകുമ്പോൾ സ്‌കൂളിന്റെ സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും. അക്കാഡമിക് ബ്ലോക്ക് നിർമ്മാണത്തിനായി സർക്കാർ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 2.90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 911 ചതുരശ്ര മീറ്ററിൽ മൂന്നു നിലകളുള്ള കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, ഒരു ഡ്രോയിംഗ് ഹാൾ, ഒരു സ്റ്റാഫ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങൾ ഒരുക്കും.