sabith
സാബിത്ത്.

അലനല്ലൂർ: വെള്ളിയാർപ്പുഴയിൽ ഒഴിക്കിൽപ്പെട്ട് മരിച്ച കണ്ണംകുണ്ട് പമ്പ് ഹൗസിനു സമീപം താമസിക്കുന്ന ഏലംകുളവൻ യൂസഫിന്റെ മകൻ സാബിത്തിന് നാട് കണ്ണീരോടെ വിട നൽകി. ചൊവ്വ വൈകിട്ട് നാലരയോടെയാണ് സാബിത്ത് ഒഴുക്കിൽ പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ അതി ശക്തമായ മലവെള്ളപ്പാച്ചിലാണ് വെള്ളിയാർ പുഴയിലുണ്ടായത്. ഉച്ചയോടെ വെള്ളം കോസ്‌വേയിൽ നിന്ന് താഴ്ന്നിരുന്നു. വൈകീട്ടോടെ വീണ്ടും വെള്ളം കോസ്‌വേ കവിഞ്ഞൊഴുകി. നാട്ടുകാരോടൊപ്പം കോസ്‌വേയിൽ അടിഞ്ഞു കൂടിയ മരങ്ങളും ചപ്പുകളും മാറ്റുന്നതിനിടെ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. വട്ടമ്പലത്ത് നിന്നുമെത്തിയ ഫയർഫോഴ്സും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തി. നേരം ഇരുട്ടായതും വെള്ളത്തിലെ തണുപ്പും തിരച്ചിൽ അസാധ്യമായതിനാൽ രാത്രിയോടെ തിരച്ചിൽ നിർത്തി. ഇന്നലെ രാവിലെ വീണ്ടും തിരച്ചിൽ നടത്തി. 10 മണിയോടുകൂടി കലങ്ങോട്ടിരി കടകൂർ പടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന മുളയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ട് ആറരയോടെ കബറടക്കം നടത്തി. പ്രവാസിയായ സാബിത്ത് ഒരു മാസം മുമ്പാണ് നാട്ടിൽ വന്നത്. അടുത്തദിവസം തിരിച്ചുപോകാനിരിക്കെയായിരുന്നു.