ഷൊർണൂർ: കുളപ്പുള്ളി കണയം റോഡിൽ മൃതദേഹം കൊണ്ടു പോകുകയായിരുന്ന ആംബുലൻസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റും കമ്പികളും പൊട്ടിവീണു. ആംബുലൻസിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ആംബുലൻസിലുണ്ടായിരുന്നത്. ഡ്രൈവർ അപകടാവസ്ഥ അറിയിച്ചതിനെ തുടർന്ന് എല്ലാവരും ആംബുലൻസിൽ തന്നെ ഇരുന്നു. ആരും പുറത്തിറങ്ങിയില്ല. മണിക്കൂറുകൾക്കു് ശേഷം വൈദ്യുതി ബന്ധം വിഛേദിച്ചതിന് ശേഷമാണ് അവർ പുറത്തിറങ്ങിയത്. ഇന്നലെ പുലർച്ചെയാണ് അപകടം. ആംബുലൻസിന്റെ മുന്നിൽ പോവുകയായിരുന്ന കണ്ടെയ്നർ ലോറി വൈദ്യുതി കമ്പികളിൽ ഉടക്കിയതിനെ തുടർന്നാണ് വൈദ്യുതി കമ്പി പോസ്റ്റിനൊപ്പം ആംബുലൻസിന് മീതെ വീണത്. അതോടൊപ്പം മൂന്ന് വൈദ്യുതി പോസ്റ്റുകൾ കൂടി ചെരിഞ്ഞു. ആംബുലൻസിന് നേരെ മുന്നിൽ പോയിരുന്ന പൊലീസ് ജീപ്പ് മിനിറ്റ് വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് മറ്റൊരു ആംബുലൻസ് വരുത്തിയാണ് മൃതദേഹം കൊണ്ടു പോയത്. ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടു.