പാലക്കാട്: ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിലെ അനിശ്ചിതത്വം തുടരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ കാര്യത്തിൽ പാലക്കാട് നഗരസഭ തീരുമാനമെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അഞ്ച് വർഷം പൂർത്തായാക്കാൻ പോകുന്ന ഈ ഭരണസമിതിയുടെ തീരുമാനത്തിലാണ് സ്റ്റേഡിയത്തിന്റെ ഭാവി.
2023 ജനുവരി 17ന് മന്ത്രിമാരായ വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് 40 കോടി ചെലവിൽ സ്റ്റേഡിയം നവീകരിക്കാൻ തീരുമാനിച്ചത്. ഉടമസ്ഥാവകാശം നഗരസഭയ്ക്ക് നിലനിർത്തിയാകണം നവീകരണമെന്ന നഗരസഭയുടെ ആവശ്യവും അംഗീകരിച്ചിരുന്നു. മൈതാനത്തോടൊപ്പം നിർമ്മിക്കുന്ന വ്യാപാര സമുച്ചയത്തിൽ നിന്നുള്ള വരുമാനവും നഗരസഭയ്ക്കായിരിക്കുമെന്നും അന്ന് യോഗം ഉറപ്പും നൽകി. ഉടൻ കൗൺസിൽ ചേർന്ന് അനുകൂല തീരുമാനം അറിയിക്കാൻ ചെയർപേഴ്സണെയും ചുമതലപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാമെന്ന് ചെയർപേഴ്സൺ അറിയിച്ചിരുന്നെങ്കിലും രണ്ടുവർഷമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. നഗരസഭ തീരുമാനം അറിയിക്കാത്തതിനെ തുടർന്ന് സ്റ്റേഡിയം നവീകരണത്തിന് അനുവദിച്ച തുക നഷ്ടമാകുമെന്ന് ഏപ്രിൽ 15ന് സർക്കാർ അറിയിച്ചിരുന്നു. പക്ഷേ, തുടർന്ന് നടന്ന കൗൺസിൽ യോഗങ്ങളിൽ വിഷയം ചർച്ചയായില്ല.
ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം ജില്ലയിലെ കായിക പ്രേമികളുടെ ദീർഘകാല ആവശ്യമാണ്. നവീകരിച്ച ഫുട്‌ബാൾ മൈതാനം, ഷോപ്പിംഗ് കോംപ്ലക്സ്, കാർ പാർക്കിംഗ്, ശുചിമുറി, ഫുഡകോർട്ട്, റസ്റ്റ് റൂം, കുടിവെള്ളം, അന്വേഷണ കൗണ്ടർ, സി.സി ടിവി എന്നിവയെല്ലാം ഉൾപ്പെടുന്ന സമുച്ചയമാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചത്. ഇതിനായി കോയമ്പത്തൂർ മാതൃകയും പരിഗണിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് തുടർ പ്രവർത്തനങ്ങൾ നടക്കാതായതാണ് പദ്ധതി വൈകാൻ കാരണം.
1988ൽ ദേശീയ ജൂനിയർ ഫുട്‌ബാൾ മത്സരത്തോടെയാണ് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ കളിയാരവങ്ങൾക്ക് ആരംഭമായത്. 1991ൽ 23 വയസ്സിൽ താഴെയുള്ളവർക്ക് സന്തോഷ് ട്രോഫി, രണ്ടുതവണ അന്തർ ജില്ലാ ഫുട്‌ബാൾ മത്സരങ്ങൾ എന്നിവയും ഈ മൈതാനത്ത് നടന്നു. സംസ്ഥാന കായിക മത്സരത്തിനും ഒരുതവണ വേദിയായിട്ടുണ്ട്. 1994 – 95 വരെ ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ നിയന്ത്രണത്തിലായിരുന്ന സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് ലഭിച്ചു. കഴിഞ്ഞ പത്തുവർഷമായി ഒരു പരിപാലനവും നടത്തിയിട്ടില്ല.