നിർമ്മാണം തുടങ്ങി ഏഴ് വർഷം
നെന്മാറ: പഞ്ചായത്തിന്റെ കല്യാണമണ്ഡപത്തിന്റെയും തിയേറ്റർ കെട്ടിടത്തിന്റെയും നിർമ്മാണം മുടങ്ങിയിട്ട് വർഷങ്ങൾ. കെ.ബാബു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ 3.35 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. ആദ്യഘട്ടത്തിൽ അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായി. അടുത്തഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ കരാർ നടപടികൾ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലച്ചിരുന്നു, ഇതോടെ പദ്ധതി താളംതെറ്റുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ നിരത്തിയാണ് ജനപ്രതിനിധികൾ തലയൂരാൻ നോക്കുന്നത്.
നെന്മാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വക്കാവ് റോഡിൽ 55 സെന്റ് സ്ഥലത്തുണ്ടായിരുന്ന പഴയ പഞ്ചായത്ത് കല്യാണ മണ്ഡപം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. നാലുനില വരെ ഉയർത്താൻ കഴിയുന്നവിധം 62 തൂണുകളിലുള്ള നിർമ്മാണമാണ് നടന്നുവന്നത്. 500 പേർക്ക് ഇരിക്കാവുന്ന 10,000 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിൽ രണ്ടാംനിലയിൽ കല്യാണ മണ്ഡപവും താമസിക്കാനുള്ള മുറികളും മുകൾ ഭാഗത്ത് മിനി തിയേറ്ററുകളും അടങ്ങിയതാണ് പദ്ധതി. കുറഞ്ഞ നിരക്കിൽ പഞ്ചായത്ത് വക കല്യാണമണ്ഡപം എന്ന ദേശവാസികളുടെ പ്രതീക്ഷയാണ് വർഷങ്ങളായിട്ടും മുന്നോട്ടുപോകാതെ കിടക്കുന്നത്.
ഭക്ഷണപ്പുര, അടുക്കള, ഹാളുകൾ എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ ആയപ്പോഴാണ് പണി നിലച്ചത്. 2022 വരെയാണ് നിർമ്മാണ കാലാവധി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി കാര്യമായ ജോലികൾ ഒന്നും മുന്നോട്ടു പോയില്ല. നിർമ്മാണ സാമഗ്രികളുടെ വില കൂടിയതനുസരിച്ച് പുതുക്കിയ നിരക്കിൽ എസ്റ്റിമേറ്റ് തയ്യാറാക്കി തുക വർദ്ധിപ്പിച്ചു നൽകിയാൽ മാത്രമേ നിർമാണം പൂർത്തിയാക്കാനാകൂയെന്ന് നിർമ്മാണ കരാറുകാരുടെ ആളുകൾ പറയുന്നു. കല്യാണമണ്ഡപം പൊളിച്ചു നീക്കിയിട്ട് 12 വർഷത്തിലേറെ ആയിട്ടും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഇനിയും അറുതി ആയിട്ടില്ല. നെന്മാറ പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എം.എൽ.എ.യും ഭരണ പ്രതിപക്ഷ പാർട്ടികളായതാണ് പ്രതിസന്ധിയിൽ ആവാൻ കാരണമെന്ന് ദ്രേശവാസികൾ ആരോപിക്കുന്നു.