sda

മഹാകവി കുഞ്ചൻനമ്പ്യാർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ തന്റെ ജന്മഗൃഹത്തിന്റെ ദുരവസ്ഥയെപ്പറ്റി കുറിക്കുകൊള്ളുന്നൊരു തുള്ളൽക്കവിത രചിക്കുമായിരുന്നു... പാലക്കാട് ഒറ്റപ്പാലത്തിനും മങ്കരയ്ക്കും ഇടയിൽ ലക്കിടിയിലെ തീവണ്ടിപ്പാളങ്ങളിൽ നിന്ന് അകലെയല്ലാതെ കാലത്തിന്റെ തണുപ്പൊളിപ്പിച്ച പഴയ മൺവീട്,​ കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം ഇന്ന് ചോർന്നൊലിക്കുകയാണ്.

അടയ്ക്കാനാകാത്ത ജനലുകളും വാതിലും. പലയിടത്തും ചിതലുകൾ ചിത്രം വരച്ചിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിയെ തുടർന്ന് നവീകരണം പാടെ നിലച്ച അവസ്ഥയിലാണ് മിഴാവിന്റെ താളത്തിനൊത്ത് ജീവിതവ്യഥകളെ കലയുടെ രസച്ചരടിൽ കൊരുത്ത് കാലപ്രവാഹത്തിലേക്ക് ഒഴുക്കിവിട്ട കവിയുടെ തറവാട്. വീടും കെട്ടിടവും ഒട്ടും സുരക്ഷിതമല്ലെന്ന തിരിച്ചറിവിൽ നിലവിൽ അവിടേക്കുള്ള സന്ദർശകർക്ക് പ്രവേശന വിലക്കും ഭരണസമിതി ഏർപ്പെടുത്തി.

കലക്കത്ത് ഭവനത്തിന്റെ ഈ ശോചനീയാവസ്ഥ ആരെയും അത്ഭുതപ്പെടുത്തും. കുഞ്ചൻനമ്പ്യാരുടെ സ്മരണകൾ നിറഞ്ഞ ചരിത്രസ്മാരകം ചിതൽ തട്ടാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മേൽക്കൂര ഇളകിക്കഴിഞ്ഞു, ചുമരുകൾ പലയിടത്തും വിണ്ടുകീറി, മേൽക്കൂരയിലെ ഓടുകൾ വീഴുന്ന സ്ഥിതിയായി. ജനലുകളെല്ലാം ചിതലരിച്ചു, മുറ്റം മുഴുവൻ കാടുമൂടി. മച്ചിനകത്ത് കെടാവിളക്കിൽ എണ്ണ പകരാൻ മാത്രമാണു നിലവിൽ പ്രവേശിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സ്മാരകത്തിലേക്കു പ്രവേശനം തടഞ്ഞിരിക്കുന്നത്. കലാപഠനത്തിനായി അവധി ദിവസങ്ങളിൽ കുട്ടികൾ എത്തുന്നുണ്ടെങ്കിലും പഠനം നടക്കുന്നത് നാട്യശാലയിലാണ്. നവീകരിച്ച നാട്യശാലയിലും ചോർച്ചയുണ്ടെന്നു പഠിതാക്കൾ പറയുന്നു. ഭാഷാ സ്‌നേഹികളായ ഒട്ടേറെ പേരാണു പ്രതിദിനം സ്മാരകത്തിലെത്തുന്നത്. അറ്റകുറ്റപ്പണിക്കായി സ്മാരകം ഭരണസമിതി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് തുക നൽകിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. സ്മാരകത്തിലെത്തുന്നവർ പുറത്തുനിന്നു കണ്ടു മടങ്ങേണ്ട സ്ഥിതിയാണിപ്പോൾ. 2024ൽ ബഡ്ജറ്റിലെ 1.96 കോടി രൂപ ഇതുവരെ അനുവദിച്ചില്ല. ഭരണസമിതി നൽകിയ നിവേദനത്തെ തുടർന്നാണു കെട്ടിടം നവീകരിക്കാൻ തുക വകയിരുത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണത്തിനായി എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ആശങ്കയോടെയാണു സ്മാരകം പ്രവർത്തിച്ചത്. ഇത്തവണ കാലവർഷം ശക്തമായതോടെ അപകടസാദ്ധ്യത മുന്നിൽക്കണ്ടു ജന്മഗൃഹത്തിലേക്കു പ്രവേശനം തടയുകയായിരുന്നു.

ഗ്രാൻഡ് മുടങ്ങി:

പ്രവർത്തനം താളംതെറ്റി

5 ലക്ഷം രൂപയുടെ സ്ഥിരം ഗ്രാൻഡിലാണ് കുഞ്ചൻസ്മാരകം പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, കെട്ടിടത്തിന്റെ നവീകരണം, ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ, കലാപഠനം എന്നിവയെല്ലാം ഈ ഫണ്ടിൽ നിന്നു നടത്തേണ്ട സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ ധനവകുപ്പ് ഭരണസമിതിയുടെ ആവശ്യം പരിഗണിച്ചു സ്‌പെഷൽ ഗ്രാൻഡ് അനുവദിച്ചിരുന്നു. ഏതാനും വർഷമായി ഗ്രാൻഡ് അനുവദിക്കുന്നതിലും കാലതാമസമാണ്. കഴിഞ്ഞ വർഷം 16 മാസത്തെ ശമ്പളം കുടിശ്ശികയായതോടെ ജീവനക്കാർ സ്മാരകം അടച്ചിട്ടു പ്രതിഷേധിച്ചിരുന്നു. തുടർന്നു ശമ്പളം ഗഡുക്കളായി അനുവദിച്ച് പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ വർഷം 5 ലക്ഷം രൂപ ഗ്രാൻഡ് മാത്രമാണു ലഭിച്ചത്. 10 ലക്ഷം രൂപ അധികമായി അനുവദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഈ വർഷത്തെ ഗ്രാൻഡും നൽകിയിട്ടില്ല. 5 ലക്ഷം രൂപ 4 ഗഡുക്കളായാണു സാധാരണ നൽകിയിരുന്നത്.

6 മാസത്തെ

ശമ്പളം ലഭിക്കണം

ജില്ലയിലെ പല സ്മാരകങ്ങൾക്കും തുക വാരിക്കോരി നൽകുമ്പോഴാണ് സർക്കാർ ഏറ്റെടുത്ത് അരനൂറ്റാണ്ടായ ചരിത്രസ്മാരകത്തോട് അവഗണന തുടരുന്നത്. കഴിഞ്ഞവർഷം തുള്ളൽ കലാകാരന്മാരുടെ സംഘടനയായ ഓൾ കേരള തുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ നടത്തിയ സമരവും കലാകേരളം സാക്ഷിയാണ്. 2008ൽ ആരംഭിച്ച കുഞ്ചൻ സ്മാരക കലാപീഠത്തിൽ 6 അദ്ധ്യാപകർക്കും സ്മാരകത്തിലെ ഒരു സ്ഥിരം ജീവനക്കാരനും ഒരു പാർട് ടൈം ജീവനക്കാരിക്കും 6 മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. ജനുവരി മാസത്തെ ശമ്പളം കഴിഞ്ഞ മാസമാണു നൽകിയത്. തുള്ളൽ, മൃദംഗം, ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം വിഭാഗങ്ങളിലായി 200ൽ പരം പേർ കലാപഠനം നടത്തുന്നുണ്ട്.

4 വർഷത്തെ കോഴ്സിൽ തുള്ളൽ പഠനം സൗജന്യമായും മറ്റു കലാ വിഭാഗങ്ങൾക്കു ഫീസും ഈടാക്കുന്നു. സ്മാരകത്തിന് സന്ദർശക ഫീസ് ഏർപ്പെടുത്തിയിരുന്നു. ഈ വരുമാനം ഉപയോഗിച്ചാണ് സ്മാരകത്തിന്റെ വൈദ്യുതി ബില്ലും മറ്റു ചെലവുകളും നടത്തിയിരുന്നത്. ഗ്രാൻഡ് വർദ്ധിപ്പിക്കാതെ രക്ഷയില്ലെന്നു ഭരണാധികാരികൾക്കും അറിയാമെങ്കിലും നടപടി വൈകുകയാണ്. കുഞ്ചൻദിനവും കുഞ്ചൻ അവാർഡ് നൽകലും നിറം മങ്ങിക്കഴിഞ്ഞു. വർഷങ്ങൾക്കു മുൻപു നടന്നിരുന്ന കുഞ്ചൻദിനം സാംസ്‌കാരിക പ്രവർത്തകർക്ക് ഇപ്പോൾ ഓർമ്മ മാത്രമാണ്.

അവഗണനയ്ക്ക്

വർഷങ്ങളുടെ പഴക്കം

കുഞ്ചൻ നമ്പ്യാർ സ്മാരകത്തോടുള്ള അവഗണനയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ചോർന്നൊലിക്കുന്ന ചരിത്രസ്മാരകം മാത്രമല്ല, സ്മാരകത്തിലെ ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ഇത് ആദ്യമല്ല. സ്മാരകത്തിലെ മച്ചിൽ കെടാവിളക്കിൽ പകരുന്ന എണ്ണയ്ക്കു പോലും വകയില്ലാത്ത കാലം മുമ്പുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. 2 വർഷം മുമ്പ് സ്മാരകം സന്ദർശിച്ച മന്ത്രി സജി ചെറിയാൻ സ്മാരകം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.

സംരക്ഷണം സർക്കാർ

ഏറ്റെടുത്തത് 76ൽ
1976 സെപ്തംബർ 1നാണ് കലക്കത്ത് ഭവനവും അതോടൊപ്പമുള്ള 56 സെന്റ് സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. കലക്കത്ത് ഭവനം, പത്തായപ്പുര, പടിപ്പുര എന്നിവയാണ് ഏറ്റെടുത്തത്. 1981 മുതൽ സർക്കാരിന്റെ നേതൃത്വത്തിൽ സ്മാരകം സംരക്ഷിക്കാൻ നടപടി തുടങ്ങി. പത്തായപ്പുര വീണതു വാർത്തയായതിനെ തുടർന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. കലക്കത്ത് ഭവനത്തിന്റെ രൂപഭാവങ്ങൾക്കും നിറങ്ങൾക്കും യാതൊരു മാറ്റവും വരുത്തരുതെന്നും തനിമ നിലനിറുത്തണമെന്നും അദ്ദേഹത്തിന്റെ നിഷ്‌കർഷ ഉണ്ടായിരുന്നു.

സ്മാരകത്തിന്റെ ഭരണം അതതുകാലത്ത് സംസ്ഥാന ഭരണകൂടമാണു നടത്തുന്നത്. 3 വർഷത്തെ കാലാവധിയിൽ പ്രവർത്തിക്കുന്ന കമ്മിറ്റി ആദ്യകാലത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നു. മേയ് 5ന് കുഞ്ചൻ ദിനം, നവരാത്രി വിദ്യാരംഭം എന്നിവ വർണാഭമായി നടത്തിയിരുന്നു. പിന്നീട് ഓട്ടൻതുള്ളൽ, സംസ്‌കൃതം ക്ലാസുകളും സ്മാരകത്തിൽ നടത്തിയിരുന്നു. 2008ൽ രൂപീകരിച്ച ഭരണസമിതിയാണു കുഞ്ചൻ സ്മാരക കലാപീഠം ആരംഭിച്ചത്. നിലവിൽ ഓട്ടൻതുള്ളൽ, മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവയിൽ പഠനം നടന്നുവരുന്നു.