hostel
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ചിറ്റൂർ ഗവ. കോളേജ് വനിത ഹോസ്റ്റൽ പുതിയ ബ്ലോക്ക് കെട്ടിടം.

ചിറ്റൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 75 വർഷത്തിലധികമായി മികവ് തെളിയിച്ച ചിറ്റൂർ ഗവ. കോളേജിൽ 6.61 കോടി ചെലവിൽ നിർമ്മിച്ച പുതിയ ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഇന്ന് രാവിലെ 10 ന് നിർവഹിക്കും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ എം.പി കെ.രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. കഴിഞ്ഞ വർഷം നാക്ക് വിസിറ്റിൽ നേടിയ എ.പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് പ്രകാശനവും ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും.
25000 അധികം സ്‌ക്വയർഫീറ്റിൽ നിർമ്മിക്കപ്പെട്ട ഹോസ്റ്റലിൽ 18 മുറികളും, 6 ഡോർമെറ്ററികൾ, വിശാലമായ മെസ്സ് ഹാൾ, സ്റ്റോർ റൂം, റസ്റ്റ് റൂം ഉൾപ്പെടുന്ന പുതിയ ലേഡീസ് ഹോസ്റ്റലിൽ 100ൽ അധികം വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ലഭ്യമാവും. ഇതോടെ ചിറ്റൂർ ഗവ. കോളേജിൽ ആകെ 600 ൽ അധികം വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാവുകയാണ്. ഇതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാവുന്ന അപൂർവം ഗവ. കോളേജുകളിൽ ഒന്നായി മാറുകയാണ്. ഇനിയും നിരവധി കോഴ്സ് ആരംഭിക്കാനും നടപ്പിലാക്കാനും സാധ്യതയുള്ള ഒരു കലാലയമായി ചിറ്റൂർ കോളേജ് മാറിയിരിക്കുന്നു. 2500 അധികം വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയത്തിൽ ഇപ്പോൾ 15 യു.ജി, 7 പി.ജി, 6 ഗവേഷണ വിഭാഗങ്ങൾ ആണ് ഉള്ളത്. തമിഴ്, ജോഗ്രാഫി, ഫിലോസഫി, ഇലക്ട്രോണിക്സ് എന്നീ വൈവിധ്യമായ വകുപ്പുകൾ പഠിക്കാനുള്ള അവസരം കൂടി ലഭിക്കുന്നു എന്നത് ഈ കോളേജിനെ വ്യത്യസ്തമാക്കുന്നു.