പാലക്കാട്: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിലും സൂപ്പർമാർക്കറ്റുകളിലും ഇനിമുതൽ കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാകും. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതോടൊപ്പം സംരംഭകരുടെ വരുമാനം വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വിപണിയിലെത്തുന്ന ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങൾ സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കാനും ഇത് സഹായിക്കും.
ജില്ലയിൽ 300ൽ പരം ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്ന സംരംഭങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ഉത്പന്നങ്ങൾ എല്ലാ കടകളിലും ലഭ്യമാക്കാനാണ് പുതിയ പദ്ധതി. അച്ചാറുകൾ, സ്‌ക്വാഷ്, സോപ്പ്, ക്ലീനിങ് ഉത്പന്നങ്ങൾ, മില്ലറ്റ് ഉത്പന്നങ്ങൾ, ചിപ്സ്, ശർക്കര വരട്ടി, കറി പൗഡറുകൾ, അടുക്കള ഉപകരണങ്ങൾ, ചോക്ലേറ്റ്, ചക്ക ഉത്പന്നങ്ങൾ, ചപ്പാത്തി, പൂരി, ബേക്കറി സാധനങ്ങൾ തുടങ്ങി 60 ലധികം നിത്യോപയോഗ സാധനങ്ങളുടെ വലിയ നിരതന്നെ കടകളിൽ ലഭ്യമാകും.
ഇതിന്റെ ആദ്യ പടിയായി സംരംഭകരുടെയും വിതരണക്കാരുടെയും യോഗം കഴിഞ്ഞ ദിവസം പാലക്കാട് ഹോട്ടൽ ഗസാലയിൽ ചേർന്നു. 43 സംരംഭകരും 22 വിതരണക്കാരും യോഗത്തിൽ പങ്കെടുത്തു. സി.ഡി.എസ്. തലത്തിലും ബ്ലോക്ക്തലത്തിലും വിതരണക്കാരുടെയും സംരഭകരുടെയും യോഗം ചേർന്ന് കൂടുതൽ പേരെ ഉൾപ്പെടുത്തി പദ്ധതി വിപുലപ്പെടുത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.