tarur
തരൂർ നിയോജകമണ്ഡലത്തിലെ പുനർ നിർമാണം നടത്തുന്ന കുരുത്തിക്കോട് പാലം

പാലക്കാട്: തരൂർ നിയോജക മണ്ഡലത്തിലെ കുരുത്തിക്കോട് പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. പുതുക്കോട് കാവശ്ശേരി തരൂർ പഞ്ചായത്തുകളെയും തരൂർപള്ളി തോണിക്കടവ് റോഡിൽ കഴനി-പഴമ്പാലക്കോട്, വാഴക്കോട്-ആലത്തൂർ എന്നീ റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 9 കോടി രൂപ വകയിരുത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമ്മാണച്ചുമതല. 108 മീറ്റർ നീളമാണ് പാലത്തിനുള്ളത്. പ്രീസ്‌ട്രെസിംഗ് സങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗർഡറുകളാണ് പാലത്തിന്റെ പ്രധാന സവിശേഷത. 7.50 മീറ്റർ നീളത്തിൽ കാര്യേജ് വേയും 1.50 മീറ്റർ വീതിയിൽ കൈവരിയോടു കൂടിയ നടപ്പാതയും പാലത്തിനുണ്ടാകും. പാലത്തിന്റെ ഇരുവശത്തും 100 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുകളും നിർമ്മിക്കും. കുരുത്തിക്കോട് പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും യാത്രാസൗകര്യം മെച്ചപ്പെടുകയും ചെയ്യും.