ചിറ്റൂർ: സമുന്നത സോഷ്യലിസ്റ്റും രാഷ്ടീയ രംഗത്തെ നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകവുമായിരുന്ന കെ.എ.ശിവരാമ ഭാരതിയുടെ 36ാം ചരമവാർഷിക ദിനം ഇന്ന്. ചിറ്റൂർ താലൂക്കിന്റെ തെക്ക് കിഴക്ക് മേഖലകളിൽ ശിവരാമഭാരതി നയിച്ച കർഷക തൊഴിലാളി, തോട്ടം തൊഴിലാളി സമരങ്ങൾ നിരവധിയാണ്. ചിറ്റൂർ പുഴ പദ്ധതിക്കായും കുരിയാർകുറ്റി-കാരപ്പാറ പദ്ധതിക്കായും നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. നെല്ലിയാമ്പതിയിലേയും തൃശൂർ മലക്കപ്പാറയിലേയും തേയില തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുമ്പിലും അദ്ദേഹം നിലയുറപ്പിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുമ്പോൾ 24 വയസായിരുന്നു. 1961 ലെ ഗോവ വിമോചന സമരത്തിലും കച്ച് സമരത്തിലും പങ്കെടുത്തു. പോർച്ച്ഗീസ് പട്ടാളത്തിന്റെ വെടിയേറ്റ കച്ച് ജയിലിൽ മാസങ്ങളോളം ക്രൂര മർദ്ദനത്തിനു വിധേയമായി. 1954 ലും 1956 ലും തിരുവിതാംകൂർ-കൊച്ചി നിയമസഭയിൽ നിയമിക്കപ്പെട്ട അംഗമായിരുന്നു. 1956ലും 1967ലും 1970ലും ചിറ്റൂർ നിയോജക മണ്ഡലത്തിൽ നിന്നും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റു പാർട്ടി സ്ഥാനാർത്ഥിയായിരുന്നു. ജപ്പാനിൽ നടന്ന ഐ.എൽ.ഒയുടെ യോഗത്തിൽ അഖിലേന്ത്യാ എച്ച്.എം.എസ് സംഘടനയെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുത്തു. ഏറെക്കാലം എച്ച്.എം.എസ് അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.