പാലക്കാട്: സംരംഭമെന്ന നിലയിൽ ഗ്രാമീണ യുവതി-യുവാക്കൾക്കിടയിൽ കൂൺകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 'സമഗ്ര കൂൺഗ്രാമം' പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമാകുന്നു. 50 ബ്ലോക്ക് പഞ്ചായത്തുകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ രാഷ്ട്രീയ കൃഷിവികാസ് യോജനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൃശൂരിൽ ആറും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അഞ്ചും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നാലും, കൊല്ലം, എറണാകുളം ജില്ലകളിൽ മൂന്നും ഇടുക്കിയിലും കാസർഗോഡും രണ്ടും വീതവും കൂൺ ഗ്രാമങ്ങൾ രണ്ടാംഘട്ടത്തിൽ സ്ഥാപിക്കുമെന്ന് ഹോൾട്ടികൾച്ചറൽ മിഷൻ അധികൃതർ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം സംസ്ഥാനമൊട്ടാകെ 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ കഴിഞ്ഞ വർഷമാണ് തീരുമാനിച്ചത്. ഒന്നാം ഘട്ടത്തിൽ 20 ബ്ലോക്ക് പഞ്ചായത്തുകളിലായി 20 ഓളം കൂൺഗ്രാമങ്ങളാണ് സ്ഥാപിച്ചത്. രണ്ടാംഘട്ട കൂൺ കൃഷിക്ക് 87.50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂൺഗ്രാമം നടപ്പാക്കുക. 100 ചെറുകിട ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു കൂൺവിത്ത് ഉത്പാദന യൂണിറ്റ്, മൂന്നു സംസ്‌കരണ യൂണിറ്റ്, രണ്ടു പാക്ക് ഹൗസുകൾ, പത്ത് കമ്പോസ്റ്റ് ഉത്പാദന യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു കൂൺഗ്രാമം.
ഗുണങ്ങളേറെ
പോഷകസമ്പന്നമായ കൂണുകൾക്ക് ഇന്ന് ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ആവശ്യക്കാരേറെയാണ്. സ്ഥലപരിമിതിയും കൂൺകൃഷിക്ക് ഒട്ടും പ്രശ്നമല്ല. നല്ല അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണമാണ് കൂണുകൾ. അതിനാൽ ഡയറ്റ് ഭക്ഷണ ക്രമത്തിൽ കൂണിന് മുഖ്യസ്ഥാനമുണ്ട്. കൂടാതെ വിറ്റാമിൻ ബി കോംപ്ലക്സുകളായ നിയാസിൻ, റൈബോഫ്ളാവിൻ, പാന്റോത്തെനിക് ആസിഡ്, വിറ്റാമിൻഡി എന്നീ വിറ്റാമിനുകൾ, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ കുറവാണെന്നു മാത്രമല്ല, മനുഷ്യശരീരത്തിലെ വിറ്റാമിൻഡി സംശ്ലേഷണത്തിന് സഹായകമായി പ്രവർത്തിക്കുന്ന എർഗോസ്റ്ററോളും കൂണിലുണ്ട്. കൊഴുപ്പിന്റെ അംശവും കുറവാണ്. 100 ഗ്രാം ചിപ്പിക്കൂണിൽ ആറു ഗ്രാം അന്നജം, മൂന്നു ഗ്രാം പ്രോട്ടീൻ, '0' കൊളസ്‌ട്രോൾ ആൻഡ് ട്രാൻസ്ഫാറ്റ്, രണ്ടു ഗ്രാം നാരുകൾ, 18 മില്ലിഗ്രാം സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.