kalchadi
കൽചാടി മേഖലയിൽ തൂക്കുവേലി സ്ഥാപിക്കാനായി അടിക്കാട് വെട്ടി മാറ്റിയിട്ട് ഒരുമാസമായിട്ട് തൂക്കു വേലി നിർമ്മാണം മുന്നോട്ടു പോകാതെ കിടക്കുന്നു

നെന്മാറ: വന്യജീവി ആക്രമണം അനുദിനം വർദ്ധിക്കുമ്പോഴും മേഖലയിൽ ആർ.ആർ.ടി(ദ്രുത പ്രതികരണ സേന) യാഥാർത്ഥ്യമായില്ല. ജീവനക്കാരുടെ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ നെന്മാറ ഡിവിഷനിൽ കെ.ബാബു എം.എൽ.എ നൽകിയ വാഹനം കൊല്ലങ്കോട് റേഞ്ചിലും, മുൻ എം.പി. രമ്യ ഹരിദാസ് നൽകിയ വാഹനം ആലത്തൂർ റേഞ്ചിലും മറ്റ് ആവശ്യങ്ങൾക്കായാണ് നിലവിൽ ഉപയോഗിക്കുന്നത്. മൂന്നുവർഷം മുമ്പ് സി.സി.എഫ് ഇറക്കിയ ഉത്തരവ് പ്രകാരം വർക്കിംഗ് അറേഞ്ചുമെന്റിൽ ജീവനക്കാരെ വിന്യസിച്ച് ആർ.ആർ.ടി പ്രവർത്തിക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ ജീവനക്കാരുടെ കുറവ് തിരിച്ചടിയായി. നെന്മാറ ഡിവിഷനിൽ പലയിടങ്ങളിലും വ്യാപകമായി കാട്ടാന, കാട്ടുപന്നി, മാൻ, പുലി, കുരങ്ങ്, മലയണ്ണാൻ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും വനം വകുപ്പ് പടക്കം പൊട്ടിച്ച് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. വനം വാച്ചർമാരുടെ കൈയ്യിൽ കൊടുത്തുവിടുന്ന പരിമിത എണ്ണം പടക്കം പൊട്ടിച്ചുകഴിഞ്ഞാൽ വന്യജീവി പ്രതിരോധം അവസാനിച്ചു. സ്ഥിരം ശല്യക്കാരായ കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റാൻ വനം വകുപ്പിന് ലക്ഷങ്ങൾ മുടക്കി റബ്ബർ ബുള്ളറ്റ് തോക്കുകൾ വാങ്ങിച്ചിട്ടുണ്ടെങ്കിലും അവ സെക്ഷൻ ഓഫീസുകളിലും റെയിഞ്ച് ഓഫീസുകളിലും പൊടിപിടിച്ച് കിടക്കുകയാണ്. വൈദ്യുതിവേലി മിക്കയിടത്തും പ്രവർത്തനരഹിതമാണ്. പരിപാലനത്തിന് ഫണ്ട് ഇല്ലാത്തതും. കാലാവധി കഴിഞ്ഞ ബാറ്ററിയും മറ്റും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നു. വർഷങ്ങൾ മുമ്പ് തദ്ദേശസ്ഥാപന ഫണ്ട് ഉപയോഗിച്ച് വരെ സ്ഥാപിച്ച വൈദ്യുതവേലികൾ പലതും കാലപ്പഴക്കം കൊണ്ടും വന്യമൃഗങ്ങൾ തകർത്ത അവസ്ഥയിലാണ്. നബാർഡ് ഫണ്ട് ഉപയോഗിച്ച് കൃഷി വകുപ്പ് ശുപാർശയിൽ കേന്ദ്ര സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലെ തൂക്കുവേലി നിർമ്മാണവും മാസങ്ങളായിട്ടും എങ്ങും എത്തിയിട്ടില്ല. നെന്മാറ വല്ലങ്ങി ടൗൺ പരിസരത്ത് വരെ കാട്ടാനകളും മാനുകളും കൃഷിനാശം വരുത്തിയിട്ടും വനം വകുപ്പിന് കാര്യമായ നടപടികൾ എടുക്കാൻ കഴിഞ്ഞില്ല. അയിലൂർ ഓവുപാറ ഭാഗത്ത് തൂക്കുവേലിയുടെ നിർമ്മാണം ഭാഗികമായി നടന്ന നിലയിൽ.