മണ്ണാർക്കാട്: പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത അതിവേഗ ഇടനാഴി(ഹൈ സ്പീഡ് കോറിഡോർ) നിർമ്മാണത്തിന് അന്തിമ രൂപരേഖ തയാറാക്കാനാകാതെ ദേശീയ പാത അതോറിറ്റി. 97 ശതമാനം ഭൂമി ഏറ്റെടുത്തിട്ടും രൂപരേഖ പലതവണ മാറ്റിയതോടെ ടെൻഡർ നടപടികൾ ഉൾപ്പെടെ അനിശ്ചിതത്വത്തിലാണ്. എത്ര പ്രവേശന റോഡുകൾ, എവിടെയെല്ലാം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ദേശീയപാത 544ൽ പാലക്കാട് മരുത റോഡിൽ നിന്ന് ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി. ഈ വർഷം ജൂലായ് ആദ്യവാരം ടെൻഡർ നടപടി ആരംഭിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. 134.1 ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി ലഭ്യമായതോടെ നടപടി വേഗത്തിലാകുമെന്നായിരുന്നു വിലയിരുത്തൽ. സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോർ ആകുന്ന പാതയിൽ ഒരിടത്തും സർവിസ് റോഡുകൾ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പകരം നിശ്ചിത ദൂരത്തിൽ അടിപ്പാതകൾ നിർമിച്ച് ഇരുവശങ്ങളിലുമുള്ളവർക്ക് യാത്ര ചെയ്യുന്ന രീതിയിലായിരുന്നു രൂപരേഖ. 12 ഇടങ്ങളിൽ പ്രവേശന റോഡുകൾ അനുവദിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാടിലെത്തി. ഇത് പാതയുടെ നിർമാണത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി. പ്രതിഷേധം ഉയർന്നു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, എ.പി.അനിൽ കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോട് എതിർപ്പ് അറിയിച്ചു. പ്രവേശന റോഡ് സംബന്ധിച്ച തീരുമാനത്തിൽ പുനഃപരിശോധന ഉണ്ടായേക്കുമെന്നാണ് വിവരം. മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന പാത 121 കിലോമീറ്ററാണ് ദൂരം. 10,800 കോടി രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത്. പാലക്കാട് ജില്ലയിൽ 61.4 കിലോമീറ്റർ ദൂരമാണ് പാത. മലപ്പുറത്ത് 53 കിലോമീറ്ററും കോഴിക്കോട് ആറര കിലോമീറ്റർ ദൂരവുമാണ്.