പാലക്കാട്: ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം ഭാരതപ്പുഴയുടെ പുനരുജ്ജീവനവും സൗന്ദര്യവത്കരണവും യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 11ന് ഉച്ചയ്ക്ക് 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഷൊർണൂർ നഗരസഭയിലെ 2024 - 25 ലെ സ്‌പെഷ്യൽ അസിസ്റ്റൻസ് ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ അനുവദിച്ച 4.8 കോടി രൂപ വിനിയോഗിച്ച് കൊച്ചിൻ പാലം മുതൽ റെയിൽവേപ്പാലം വരെയാണ് ഒന്നാം ഘട്ട പുനരുജ്ജീവനവും സൗന്ദര്യവത്കരണവും നടത്തുന്നത്.കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തയ്യാറാക്കിയിട്ടുള്ള 'നിള റിവർ ഫ്രണ്ട് ഡെവലപ്‌മെന്റ് പ്രൊജ്ര്രകിന്റെ നിർവ്വഹണ ചുമതല മൈനർ ഇറിഗേഷനാണ്. ഭാരതപ്പുഴയുടെ സൈഡ് സംരക്ഷണത്തിനായി കരിങ്കൽ ഭിത്തിയും ഫൗണ്ടേഷനും മുകൾഭാഗത്ത് വിവിധ അളവുകളിലുള്ള ഗാബിയോൺ, അനുബന്ധ കോൺക്രീറ്റ് നിർമിതികൾ എന്നിവ ഒരുക്കും.ഭാരതപ്പുഴയുടെ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും വെള്ളപ്പൊക്കം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും പുഴയുടെ വശങ്ങൾ സംരക്ഷിക്കുന്നതിനും സാധിക്കും. ചടങ്ങിൽ പി മമ്മിക്കുട്ടി എം.എൽ.എ, വി.കെ.ശ്രീകണ്ഠൻ എം.പി, ഷൊർണൂർ നഗരസഭാ ചെയർപേഴ്സൺ എം.കെ.ജയപ്രകാശ്, കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പൊഫ. പ്രസാദ് കൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും.