പാലക്കാട്: പൊതുയിടങ്ങളെ ശുചിത്വ പൂർണ്ണമാക്കുന്ന കാര്യത്തിൽ വീട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിന്റെതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ്. മലിനജലം ഫലപ്രദമായി സംസ്‌ക്കരിക്കാൻ തൃത്താല മണ്ഡലത്തിൽ ഒരുക്കിയ സോക്ക് പിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ വേയ്സ്റ്റ് ബിന്നിൽ ശേഖരിച്ച് ഹരിത കർമ്മസേനാംഗങ്ങൾക്ക് കൈമാറുന്നത് ഉറപ്പാക്കും. ഇത് നിരീക്ഷിക്കുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. അജൈവ മാലിന്യ ശേഖരണത്തിന് ഒരുക്കിയ ബിന്നുകളിൽ മറ്റു മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് കടുത്ത പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തിലെ പൊതുസ്ഥലങ്ങളിൽ അജൈവ മാലിന്യ ശേഖരണത്തിനായി സ്ഥാപിക്കുന്ന ബിന്നുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. എട്ട് പഞ്ചായത്തിലായി തെരഞ്ഞെടുത്ത 75 കേന്ദ്രങ്ങളിലാണ് ബിന്നുകൾ സ്ഥാപിക്കുന്നത്. സുസ്ഥിര തൃത്താലയുടെ ഭാഗമായാണ് ദ്രവമാലിന്യ സംസ്‌കരണത്തിനായി കമ്മ്യൂണിറ്റി സോക്ക് പിറ്റ് പദ്ധതി ഒരുക്കിയത്. തൃത്താല ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി സോക്ക് പിറ്റ് സംവിധാനം പൂർത്തീകരിച്ചു. ഓരോ വീടുകളിലും സ്ഥലപരിമിതി ഉള്ളതിനാൽ അവിടെ സോക്ക് പിറ്റ് നിർമാണം വെല്ലുവിളിയായിരുന്നു. അതിനുള്ള പരിഹാരമാണ് കമ്മ്യൂണിറ്റി സോക്ക് പിറ്റ് നിർമാണം. പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജീന അദ്ധ്യക്ഷയായി. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ജി.വരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ.ജയ, വി.വി.ബാലചന്ദ്രൻ, ഷറഫുദ്ദീൻ കളത്തിൽ, ടി.സുഹറ, വിജേഷ് കുട്ടൻ, കെ.ഗോപിനാഥൻ, പി.സെയ്തലവി, കെ.കെ.ചന്ദ്രദാസൻ പങ്കെടുത്തു.
ഓരോ വ്യക്തികളുടെ വീടുകളിൽ നിന്നും മലിന ജലം ശേഖരിക്കുന്നതിനായി വീടുകളിൽ കൊട്ടത്തളം നിർമ്മിക്കുകയും, ഖരമാലിന്യങ്ങളോ മറ്റ് തടസ്സങ്ങളോ നീക്കം ചെയ്യുന്നതിന് വേണ്ടി ഇൻസ്‌പെക്ഷൻ ചേമ്പറും അതാത് കൊട്ടത്തളങ്ങളോട് ചേർന്ന് നിർമ്മിച്ചു. തുടർന്ന് എല്ലാ വീടുകളിൽ നിന്നും പൈപ്പ് ലൈൻ മുഖാന്തിരം കണക്ട് ചെയ്ത് കോമൺ സോക്ക് പിറ്റിലേയ്ക്ക് ഗ്രേവാട്ടർ ശുദ്ധീകരിക്കുന്നതിനായി കടത്തിവിടുകയും ചെയ്യുന്നു. കോമൺ സോക്ക് പിറ്റിനോട് ചേർന്ന് ഒരു ഇൻസ്‌പെക്ഷൻ ചേമ്പറും നിർമ്മിച്ചിട്ടുണ്ട്. പ്രദേശത്തെ നിശ്ചിത വീടുകളെ കമ്മ്യൂണിറ്റിയായി തിരിച്ച് അടുക്കള, കുളിമുറി എന്നിവിടങ്ങളിൽ നിന്നുള്ള മലിന ജലം കമ്മ്യൂണിറ്റി സോക്ക് പിറ്റിൽ സംസ്‌കരിക്കും. സോക്ക് പിറ്റിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിലൂടെ, മാലിന്യങ്ങൾ മണ്ണിലൂടെ സ്വാഭാവികമായി ഫിൽട്ടർ ചെയ്യപ്പെടും.