ചിറ്റൂർ: ചിറ്റൂർ പുഴയിൽ ഓരോ വർഷവും അപകടങ്ങൾ തുടർകഥയാകുമ്പോൾ നിസഹായരാവുകയാണ് നാട്ടുകാർ. ഇന്നലെ രണ്ടു വിദ്യാർത്ഥികളുടെ ജീവനാണ് പുഴയിൽ പൊലിഞ്ഞത്. കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് പ്രദേശത്തെ ഒഴുക്കിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. പുഴയിൽ അപകടത്തിൽപ്പെടുന്നവരിലേറെയും തമിഴ്‌നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ്. പുഴയിലെ അപകടമേഖലയിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനോ മറ്റു മുൻകരുതൽ നടപടി സ്വീകരിക്കാനൊ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്തരം അപകടങ്ങൾ ആവർത്തിക്കിതിരിക്കാൻ വിനോദ സഞ്ചാരികൾക്കുൾപ്പെടെ മുന്നറിയിപ്പ് നൽകാൻ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒരു വർഷത്തിനിടെ പുഴയിൽ ഒഴുക്കിൽപ്പെട്ടുണ്ടായ ഒട്ടേറെ അപകടങ്ങളാണുണ്ടായത്. ഈ മാസമാദ്യം ആലാങ്കടവ് തടയണയ്ക്ക് സമീപം തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു വിദ്യാർത്ഥികൾ കുടുങ്ങിയിരുന്നു. അഗ്നിശമന സേനാംഗങ്ങളുടെ ശ്രമഫലമായാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ 2024 ജൂലായ് 16ന് മൈസൂരു സ്വദേശികളായ നാലംഗ കുടുബം ഇവിടെ പുഴയിൽ കുടുങ്ങിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് അപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞത്. അത് കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടപ്പോൾ പുഴയിൽ നിന്ന് അക്കരയ്ക്ക് എത്താൻ ശ്രമിച്ച രണ്ടു കൊച്ചു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടുള്ള അപകടം ഉണ്ടായി. അന്നും സാഹസികമായാണ് അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാ പ്രവർത്തനം നടത്തി കുട്ടികളെ കരക്കെത്തിച്ചത്. മഴക്കാലത്ത് പുഴയിൽ പെട്ടെന്നു വെള്ളം ഉയരുകയും ശക്തമായ ഒഴുക്കുണ്ടാവുകയും ചെയ്യും. ഇത് അറിയാതെയൊ വകവെക്കാതെയും കുളിക്കാനിറങ്ങുന്നവർ പുഴയിൽ കുടുങ്ങുന്ന അപകടങ്ങൾ തുടർകഥയാവുകയാണ്.