കടമ്പഴിപ്പുറം: സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപകനെ കബളിപ്പിച്ചു ബാങ്കിൽ നിക്ഷേപിച്ച തുക തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി.പുലാപ്പറ്റ സ്വദേശി മുഹമ്മദ് ആണ് ലോൺ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി ബാങ്കിലെ സീനിയർ അക്കൌണ്ടന്റ് തന്റെ പേരിൽ നിക്ഷേപിച്ച സംഖ്യ തിരിമറി നടത്തിയതായി ആരോപണവുമായി രംഗത്ത് വന്നത്. മുഹമ്മദ് തന്റെ വസ്തു വിറ്റു കിട്ടിയ 9.55 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ലോൺ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ബാങ്കിലെ സീനിയർ അകൗണ്ടന്റ് എ.സി.രാമകൃഷ്ണൻ തന്റെ നിക്ഷേപം അയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് മുഹമ്മദിന്റെ ആരോപണം. പിന്നീട് വസ്തു വാങ്ങുന്നതിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു ബാങ്കിലെത്തിയപ്പോൾ രാമകൃഷ്ണൻ മുഹമ്മദിനോട് നിക്ഷേപ തുകയും ലോൺ ചേർത്ത് 30 ലക്ഷം രൂപക്കുള്ള മറ്റൊരു ദേശസാൽകൃത ബാങ്കിന്റെ ശാഖയിൽ നിന്ന് മാറാവുന്ന തരത്തിൽ ഉള്ള ചെക്ക് നൽകി അയക്കുകയായിരുന്നു. ചെക്ക് മാറാൻ ബാങ്കിലെത്തിയ മുഹമ്മദ് അക്കൗണ്ടിൽ പൈസ ഇല്ലാത്തതിനാൽ പണം ലഭിച്ചില്ല. തുടർന്ന് മുഹമ്മദിന് വീണ്ടും സ്വന്തം പേരിൽ 15 ലക്ഷം രൂപ യുടെ ചെക്ക് നൽകി. ചെക്ക് വീണ്ടും മടങ്ങിയതോടെ തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ മുഹമ്മദ് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തന്റെ പേരിൽ നിക്ഷേപം ഇല്ലെന്നും രാമകൃഷ്ണൻ സ്വന്തം പേരിലേക്ക് മാറ്റി തന്നെ കബളിപ്പിക്കുകയും വഞ്ചിച്ചതായും തിരിച്ചറിഞ്ഞത്.

നിക്ഷേപകന് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ ശ്രീകൃഷ്ണപുരം പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. സി.ഐ.അനീഷിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരും ഭരണസമിതിയുമായി നടത്തിയ ചർച്ചയിൽ നിക്ഷേപ തട്ടിപ്പിനിരയായ വ്യക്തിക്ക് മുഴുവൻ പണവും തിരികെ നൽകുവാൻ ധാരണയായി. ഈ മാസം 30 ന് മുഹമ്മദിനു വന്ന നഷ്ടങ്ങൾ എല്ലാം നികത്തി നൽകാമെന്ന് ഉറപ്പ് നൽകുകയും എ.സി.രാമകൃഷ്ണൻ കുറ്റം സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം ഒത്തുതീർപ്പായി. അതേസമയം രാമകൃഷ്ണൻ ബാങ്ക് ജീവനക്കാരനാണെങ്കിലും സാമ്പത്തിക ഇടപാട് വ്യക്തിപരമായി നടത്തിയ ഇടപാടാണെന്നും ബാങ്കുമായി യാതൊരു ബന്ധവുമില്ലെന്നും നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന ബാങ്കിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ചില തൽപരകക്ഷികൾ ശ്രമിക്കുകയാണെന്നും ബാങ്ക് സെക്രട്ടറി സി.രമേഷ് പറഞ്ഞു.