പാലക്കാട്: ജില്ലയിൽ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നാഥനില്ലാതായിട്ട് മാസം രണ്ടുകഴിഞ്ഞു. അപകടങ്ങൾ കൂടുതലായി നടക്കുന്ന ജില്ലകളിലൊന്നായ പാലക്കാട് ജില്ലയിലെ വാഹനപരിശോധനകളുടെ നേതൃത്വം വഹിക്കേണ്ട റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ആയിരുന്ന വി.ടി.മധു മേയ് 31ന് വിരമിച്ചതോടെയാണ് തസ്തികയിൽ ആളില്ലാതെ വന്നത്. പാലക്കാട് ആർ.ടി.ഒ സി.യു.മുജീബിനാണ് രണ്ടുമാസമായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെയും ചുമതല. ഇത് രണ്ട് ഓഫീസിലും ജോലിഭാരമുണ്ടാക്കുന്ന സ്ഥിതിയാണ്. ജില്ലയിലെ ആറ് താലൂക്കുകളിലും ജീവനക്കാരെ നിയോഗിച്ച് പരിശോധന നടത്തേണ്ട ചുമതല എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടേതാണ്. ഇവിടെ വാഹനപരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടാൽ പിഴയീടാക്കേണ്ടതും ലൈസൻസ് സസ്‌പെൻഡ് ചെയ്യേണ്ടതുമുൾപ്പെടെ ഏകോപിപ്പിക്കേണ്ടതും ആർ.ടി.ഒ തന്നെ. എല്ലാ മാസവും ജില്ലയിൽ നടന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പരിക്കേറ്റവരുടെയും കണക്ക് തയ്യാറാക്കി സമർപ്പിക്കുന്ന ജോലിയും എൻഫോഴ്സ്‌മെന്റിന്റേതാണ്. എ.ഐ കാമറകളിലെ നിയമലംഘന ദൃശ്യങ്ങളുടെ പരിശോധന നടക്കുന്നതും ഇവിടെത്തന്നെ. സ്ഥിരമായി അപകടങ്ങൾ നടക്കുന്നിടത്തെ കാരണമന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് ആളില്ലാത്ത സ്ഥിതിയുള്ളത്. തസ്തികയിലേക്ക് പരിഗണിക്കുന്ന രണ്ട് ആർ.ടി.ഒമാർക്ക് സസ്‌പെൻഷൻ നടപടി നേരിട്ടതാണ് നിയമനം നടക്കാത്തതിന് കാരണമെന്നാണ് സൂചന.