mbr
കാർഷിക പമ്പുകളുടെ സൗരവൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻററി വകുപ്പ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗം

പാലക്കാട്: തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം.ബി.രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താലയുടെ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കാർഷികയിടങ്ങൾ കാർബൺ രഹിത ഇടങ്ങളാക്കുന്നു.പരമ്പരാഗത ഊർജോപാദികൾക്ക് ബദലായി ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിനായാണ് മണ്ഡലത്തിൽ കാർഷിക പമ്പുകളുടെ സൗരോർജവത്കരണ പദ്ധതി(പി.എം കുസും ) നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.

മണ്ഡലത്തിലെ നാഗലശ്ശേരി, കപ്പൂർ, ചാലിശ്ശേരി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാർഷിക പമ്പുകളുടെ സൗരവൽക്കരണം പദ്ധതിയുടെ പ്രരാരംഭ ഘട്ടം ആരംഭിച്ചു. വൈദ്യുത കണക്ഷനുള്ള കൃഷിയിടങ്ങളിലെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 1 എച്ച്.പി മുതൽ 7.5 എച്ച്പി വരെയുള്ള പമ്പുകളാണ് സൗരോർജ വൽക്കരിക്കുന്നത്. സൗജന്യ കാർഷിക കണക്ഷനുള്ള കർഷകർക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുത ലഭ്യതയിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.അനർട്ടിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് സൗരോർജ്ജ പാനലുകളുടെ സ്ഥാപിക്കലും അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തികളും നടപ്പിലാക്കുന്നത്. നിലവിലുള്ള പമ്പിന്റെ ശേഷിക്ക് അനുസരിച്ചാണ് സൗരോർജ്ജ നിലയത്തിന്റെ ശേഷി നിശ്ചയിക്കുന്നത്.

വൈദ്യുതി സ്വയംപര്യാപ്തതയിലൂടെ കർഷകനെ സാമ്പത്തിക നേട്ടം കൈവരിക്കാനും അതുവഴി പ്രിസിഷൻ ഫാമിംഗ് പോലുള്ള കൂടുതൽ നൂതന സാങ്കേതിക വിദ്യ ഉൾപ്പെടുത്തി കൃഷി വിപുലപ്പെടുത്താനും സാധിക്കും.പദ്ധതി മണ്ഡലം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി കർഷക പ്രതിനിധികൾക്കാവശ്യമായ ബോധവത്കരണവും നൽകി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ.ബിന്ദു, സൗരോർജ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പി.സി.ഷൗക്കത്തലി, നവകേരളം ജില്ലാ കോഓർഡിനേറ്റർ പി.സെയ്തലവി, അനർട്ട് ജില്ലാ എൻജിനീയർ കെ.വി.പ്രിയേഷ്, നാഗലശ്ശേരി കൃഷി ഓഫീസർ കെ.പി.സീനത്ത് തുടങ്ങിയവർ പങ്കെടുത്തു.