ചിറ്റൂർ: ശനിയാഴ്ച ചിറ്റൂർ പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കോയമ്പത്തൂർ കർപ്പകം കോളേജ് ഓഫ് എൻജിനീയറിംഗിലെ വിദ്യാർത്ഥികളായ അരുൺകുമാർ, ശ്രീ ഗൗതം എന്നിവരുടെ മൃതദേഹങ്ങളാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. രാവിലെ 9.30ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ രണ്ടുമണിയോടെ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനിൽകി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ചിറ്റൂർ പുഴയിലെ ഷണ്മുഖം കോസ്‌വേയിലെ ഓവിനുള്ളിൽ വിദ്യാർത്ഥികൾ കുടുങ്ങിയത്. കാഴ്ച കാണാനെത്തിയ സുഹൃത്തുക്കളായ പത്തംഗ സംഘത്തിലെപ്പെട്ട ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. കോസ്‌വേ കവിഞ്ഞൊഴുകുന്നത് വകവയ്ക്കാതെ പുഴയിൽ ഇറങ്ങി നീന്തിയ വിദ്യാർത്ഥികൾ ഓവുചാലിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവും എത്തി ശ്രീഗൗതത്തെ ഓവുചാലിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് അരുൺ കുമാറിനെ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഞായറാഴ്ച കാലത്ത് മീനാക്ഷിപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ചക്രവർത്തിയാണ് മരിച്ച അരുൺകുമാറിന്റെ അച്ഛൻ. അമ്മ: ഹംസവല്ലി, സഹോദരി: ഇന്ദുമതി. പാണ്ടി ദുരൈ ആണ് മരണപ്പെട്ട ശ്രീ ഗൗതത്തിന്റെ പിതാവ്. അമ്മ: സുന്ദരി, സഹോദരൻ: മനോജ് രാജ്.