വാളയാർ: പകൽ മാത്രം തുറക്കുന്ന ചെക് പോസ്റ്റ്, ഡ്യൂട്ടിക്ക് പേരിന് രണ്ട് ഉദ്യോഗസ്ഥർ, കുരങ്ങുകൾ ഓടി കളിക്കുന്ന ഓഫീസ് പരിസരം, ഷീറ്റ് കൊണ്ടുണ്ടാക്കിയ പെട്ടിക്കടയ്ക്ക് സമാനമായ ഓഫീസ്... വാളയാർ ആർ.ടി.ഒ ചെക്പോസ്റ്റിന്റെ ഏകദേശ ചിത്രമാണിത്. ലക്ഷങ്ങളുടെ വരുമാനമുണ്ടായിരുന്ന വാളയാർ ആർ.ടി.ഒ ചെക്പോസ്റ്റ് ആണ് ഇപ്പോൾ ഒരു വരുമാനവുമില്ലാതെ പേരിന് മാത്രം പ്രവർത്തിക്കുന്നത്. ചെക്പോസ്റ്റ് അടക്കുന്നതിന് വേണ്ടി അതിർത്തിയിൽ കാത്തു നിൽക്കുന്ന വാഹനങ്ങളുടെ വലിയൊരു നിര വാളയാറിൽ കാണാം. വൈകുന്നേരം അഞ്ച് മണിക്ക് ചെക് പോസ്റ്റ് അടച്ച് കഴിഞ്ഞാൽ വണ്ടികൾ സുഗമായി അതിർത്തി കടന്നു പോകും. പെർമിറ്റ് ഫീസും നികുതികളും ഓൺലൈനിൽ അടച്ചതിന് ശേഷമേ ചരക്ക് വാഹനങ്ങൾ അതിർത്തി കടക്കാൻ പാടുള്ളുവെന്നാണ് നിയമം. കൃത്യമായി നിയമം പാലിച്ച് വരുന്ന വാഹനങ്ങൾ പകൽ സമയത്ത് ചെക്പോസ്റ്റ് വഴി കടന്ന് വരും. ഇത് പരിശോധിച്ച് സീൽ പതിച്ച് കൊടുക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിയമം ലംഘിച്ച് കടന്നു വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനുള്ള ഭാഗ്യം ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കില്ല. അഞ്ച് മണിക്ക് ചെക്പോസ്റ്റ് അടക്കണമെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. ചെക്പോസ്റ്റ് അടച്ച് ഉദ്യോഗസ്ഥർ മടങ്ങുന്നതോടെ പെർമിറ്റില്ലാത്ത വാഹനങ്ങൾ അതിർത്തി കടക്കുകയാണ് പതിവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ സ്ക്വാഡ് ചില വാഹനങ്ങൾ പിടികൂടുന്നത് ഒഴിച്ചാൽ മിക്ക വാഹനങ്ങളും ഒരു പരിശോധനയും ഇല്ലാതെയാണ് അതിർത്തി കടന്ന് പോകുന്നത്.
വാളയാർ ആർ.ടി.ഒ ചെക് പോസ്റ്റിന് ഒരു സുവർണ കാലം ഉണ്ടായിരുന്നു. അന്ന് നിരവധി ജീവനക്കാരും ഓഫീസ് സംവിധാനവും ഉണ്ടായിരുന്നു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ചെക്പോസ്റ്റുകളിലൊന്നായിരുന്നു ഇത്. വലിയൊരു ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയാണ് പഴയ ഓഫീസ് പൊളിച്ച് ഷീറ്റിൽ നിർമ്മിച്ച കെട്ടിടത്തിൽ താൽക്കാലിക സംവിധാനത്തിൽ പ്രവർത്തനം തുടങ്ങിയത്. ഇതിനിടയിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. ചെക് പോസ്റ്റ് സംവിധാനം പകൽ മാത്രമാക്കുകയും രണ്ട് ഉദ്യോഗസ്ഥർ മാത്രം മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. പതിനഞ്ച് ദിവസത്തേക്കാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. പുതിയ ഓഫീസ് പണിയലെല്ലാം വേണ്ടെന്ന് വെച്ചു. തകരഷീറ്റിൽ നിർമ്മിച്ച താൽക്കാലിക സംവിധാനം സ്ഥിരം ആർ.ടി.ഒ ചെക്പോസ്റ്റ് ഓഫീസ് ആവുകയും ചെയ്തു.