park
നിളയോരം പാർക്ക്.

പട്ടാമ്പി: പട്ടാമ്പി ടൗണിലെ നിളയോരം പാർക്കിന്റെ പേരിനെ ചൊല്ലി മുഹമ്മദ് മുഹസിൻ എം.എൽ.എ യും പാർട്ടിയും വീണ്ടും കൊമ്പ് കോർക്കുന്നു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച് ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന ഭാരതപ്പുഴയോരത്തെ പാർക്കിന് ഇ.എം.എസിന്റെ പേര് നൽകിയതിനെ ചൊല്ലിയാണ് എം.എൽ.എ യും, പാർട്ടിയും തമ്മിൽ വീണ്ടും ഇടഞ്ഞത്. സ്വാതന്ത്ര്യസമര സേനാനിയും, സി.പി.ഐ നേതാവും പട്ടാമ്പി എം.എൽ.എ യുമായിരുന്ന ഇ.പി.ഗോപാലന്റെ പേര് പാർക്കിന് നൽകണമെന്നായിരുന്നത്രേ സി.പി.ഐ ജില്ലാ കമ്മറ്റിയും പട്ടാമ്പി മണ്ഡലം കമ്മറ്റിയും എം.എൽ.എയോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സി.പി.എം സമ്മർദ്ദത്തിന് വഴങ്ങി സ്വന്തം പാർട്ടിയുടെ ആവശ്യം എം.എൽ.എ അവഗണിക്കുകയായിരുന്നു. സി.പി.ഐ പട്ടാമ്പി മണ്ഡലം കമ്മറ്റി ഓഫീസായ ഇ.പി സ്മാരക മന്ദിരത്തിന്റെ തൊട്ടടുത്ത് റവന്യൂ വകുപ്പ് മുൻകൈ എടുത്ത് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചെടുത്ത സ്ഥലത്താണ് പാർക്ക് നിർമ്മിച്ചത്. ഇ.പിയുടെ സ്മരണ നിലനിർത്താൻ പാർക്കിന് ഇ.പിയുടെ പേര് തന്നെ നൽകണമെന്നായിരുന്നു സി.പി.ഐ യുടെ ആവശ്യം.
കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് പാർട്ടി വിശദീകരണം ചോദിച്ചെങ്കിലും എം.എൽ.എ മറുപടി പറയാതെ യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നത്രേ. നഗരസഭാ കൗൺസിലിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാർക്കിന് പേര് നൽകിയതിനെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിലും ഭരണകക്ഷി അംഗങ്ങൾ തന്നെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. നഗരസഭയുടെ തനത് ഫണ്ടും പാർക്കിന്റെ നിർമ്മാണത്തിനായി വിനിയോഗിച്ചിരുന്നു. പാർക്കിന്റെ ഉദ്ഘാടനം എം.എൽ.എ പ്രഖ്യാപിച്ചപ്പോഴാണ് പാർക്കിന്റെ പേരു പോലും താൻ അറിയുന്നതെന്നും നഗരസഭാ ഭരണ സമിതിയോട് കൂടിയാലോചിക്കാതെ എം.എൽ.എ തൻ പ്രമാണിത്തം കാണിക്കുകയാണെന്നും നഗരസഭാ വൈസ് ചെയർമാൻ ടി.പി.ഷാജി നഗരസഭാ കൗൺസിൽ യോഗത്തിൽ തുറന്നടിച്ചിരുന്നു. കൗൺസിൽ യോഗത്തിന് ശേഷം വൈസ് ചെയർമാൻ നടത്തിയ വാർത്താ സമ്മേളനത്തിലും എം.എൽ.എക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.