പാലക്കാട്: കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ഗ്രാമീണ മേഖലയിലെ 44 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ശേഷിച്ച കുടുംബങ്ങളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള നടപടി പരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 'ഭാരതപ്പുഴയുടെ പുനരുജ്ജീവനവും സൗന്ദര്യവത്കരണവും' പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഷൊർണൂരിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കർശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭൂഗർഭ ജലവിതാനം ഉയർത്തി എക്കാലത്തും വെള്ളം ലഭ്യമാകും വിധമുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. മെയിന്റനൻസ് സ്കീമിൽ ഉൾപ്പെടുത്തി ഷൊർണ്ണൂർ ത്രാങ്ങാലി അടിയണ പുനർ നിർമ്മിക്കുന്നതിനായി റിപ്പോർട്ട് നൽകാൻ സൂപ്രണ്ടിംഗ് എൻജിനീയറെ ചുമതലപ്പെടുത്തി. ദീർഘവീക്ഷണത്തോടെ ഷൊർണൂർ നഗരസഭ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ 2024-25 ലെ സ്പെഷ്യൽ അസിസ്റ്റൻസ് ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ അനുവദിച്ച 4.8 കോടി രൂപ വിനിയോഗിച്ചാണ് ഭാരതപ്പുഴയുടെ പുനരുജ്ജീവനവും സൗന്ദര്യവത്കരണവും നടത്തുന്നത്. കൊച്ചിൻ പാലം മുതൽ റെയിൽവേപ്പാലം വരെയാണ് ഒന്നാം ഘട്ടം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തയ്യാറാക്കിയിട്ടുള്ള 'നിള റിവർ ഫ്രണ്ട് ഡെവലപ്മെന്റ് പ്രൊജക്ടിന്റെ നിർവ്വഹണ ചുമതല മൈനർ ഇറിഗേഷൻ വകുപ്പിനാണ്. ഭാരതപ്പുഴയുടെ വശങ്ങളുടെ സംരക്ഷണത്തിനായി കരിങ്കൽ ഭിത്തിയും ഫൗണ്ടേഷനും മുകൾഭാഗത്ത് വിവിധ അളവുകളിലുള്ള ഗാബിയോൺ, അനുബന്ധ കോൺക്രീറ്റ് നിർമിതികളും ഒരുക്കും. ഭാരതപ്പുഴയുടെ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും വെള്ളെപ്പൊക്കം ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും പുഴയുടെ വശങ്ങൾ സംരക്ഷിക്കുന്നതിനും സാധിക്കും. സൂപ്രണ്ടിംഗ് എൻജിനീയർ ഡോ. പി.എസ്.കോശി റിപ്പോർട്ട് അവതരിച്ചു.
പി.മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷനായി. കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പൊഫ. പ്രസാദ്കൃഷ്ണ മുഖ്യാതിഥിയായി. ഷൊർണൂർ നഗരസഭാ ചെയർപേഴ്സൺ എം.കെ.ജയപ്രകാശ്, വൈസ് ചെയർപേഴ്സൺ പി സിന്ധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ജി.മുകുന്ദൻ, എ.കൃഷ്ണകുമാർ, കെ.എം.ലക്ഷ്മണൻ, വാർഡ് കൗൺസിലർ എ.കെ.ലത, കില എച്ച്.ഒ.ഡി അർബൻ ചെയർമാൻ പ്രൊഫസർ അജിത് കാളിയത്ത് തുടങ്ങിയവർ പങ്കെടുത്തു.