ഒറ്റപ്പാലം: അർബൻ ബാങ്കിന്റെ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ ബ്രാഞ്ചുകളുടെ കസ്റ്റമർ മീറ്റും, വായ്പാമേളയും ലക്കിടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ യു.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രൊഫഷണൽ ഡയറക്ടർ എം.വിജയൻ, ബ്രാഞ്ച് മാനേജർ വി.സതി, പത്തിരിപ്പാല ബ്രാഞ്ച് മാനേജർ എം.എം.സജി തുടങ്ങിയവർ സംസാരിച്ചു. ബാങ്കിലെ വായ്പാപദ്ധതികളുടെ അവതരണം ഹെഡ്ഓഫീസ് ലോൺ സെക്ഷൻ മാനേജർ ടി.ചന്ദ്രൻ നിർവഹിച്ചു. ഇടപാടുകാരുടെ അഭിപ്രായങ്ങൾക്കും, നിർദ്ദേശങ്ങൾക്കും ജനറൽ മാനേജർ ഇൻ ചാർജ് എസ്.സഞ്ജീവ് മറുപടി നൽകി. മേളയിൽ 1.61 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. 2024-25 സാമ്പത്തിക വർഷം കൃത്യമായി മാസംതോറും വായ്പ തിരിച്ചടച്ച 91 പേർക്ക് തിരിച്ചടച്ച പലിശയുടെ 10% ഇൻസെന്റീവ് ആയി ചടങ്ങിൽ വിതരണം ചെയ്തു. അമ്പലപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അമ്പലപ്പാറ പഞ്ചായത്തിലെ വായ്പാമേള ബാങ്ക് ചെയർമാൻ യു.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ സി.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രീതാ മോഹൻദാസ്, പി.കെ.ചന്ദ്രശേഖരൻ, പി.പത്മനാഭൻ, ഇ.കെ.രാജൻ എന്നിവർ സംസാരിച്ചു. മേളയിൽ ഒരു കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. കൃത്യമായി വായ്പ തിരിച്ചടച്ച 91 പേർക്ക് അടച്ച പലിശയുടെ 10% ഇൻസെന്റീവ് തിരിച്ചു നൽകി. അമ്പലപ്പാറ ബ്രാഞ്ച് മാനേജർ കെ.പി.കാഞ്ചന സ്വാഗതവും, ടി.ചന്ദ്രൻ നന്ദിയും പറഞ്ഞു. സോഷ്യൽ മീഡിയ വൈറൽ താരം അമ്പലപ്പാറയിലെ നാലു വയസ്സുകാരൻ അൻവിനെ ചടങ്ങിൽ അനുമോദിച്ചു. വായ്പാ മേളയിൽ ടാറ്റ സോളാറിന്റെ സ്റ്റാളും, ഇലക്ട്രിക് വാഹനങ്ങളായ ടി.വി.എസ്, ബജാജ് ചേതക്, ഓലെ, രജിസ്‌ട്രേഷൻ, റോഡ് ടാക്സ് എന്നിവ ആവശ്യമില്ലാത്ത ടൈലോസ് കമ്പനിയുടെ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു.