കാലടിക്കുന്ന് റെഗുലേറ്റർ കം ഫുട്ട് ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം
പാലക്കാട്: എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കാലടിക്കുന്ന് റെഗുലേറ്റർ കം ഫുട്ട് ബ്രിഡ്ജിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായിട്ടുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും നാടിന്റെ വികസനത്തിന് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലും പട്ടാമ്പി മാതൃകയാകുന്നു. ജലസേചനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി നിയോജകമണ്ഡലത്തിൽ ജലജീവൻ പദ്ധതിക്ക് ആദ്യഘട്ടത്തിൽ 300 കോടി രൂപ അനുവദിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ 110 മീറ്റർ നീളവും 112 മീറ്റർ വീതിയുമുള്ള എട്ട് ഷട്ടറുകളിലായി മൂന്ന് മീറ്റർ പൊക്കത്തിൽ വെള്ളം സംഭരിക്കാൻ സാധിക്കും. ഇത് 444 ഹെക്ടർ ഭൂമിയിൽ ജലസേചനം സാധ്യമാക്കും. വേനൽക്കാലത്തെ കുടിവെള്ളക്ഷാമം നേരിടുന്നതിനും കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവേഗപ്പുറ ചെക്ക് പോസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് പരിസരത്ത് നടന്ന പരിപാടിയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ അദ്ധ്യക്ഷനായി.