പാലക്കാട്: ഗണേശോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഘോഷയാത്രയിൽ പൊതുജനങ്ങൾക്ക് പ്രശ്നമാകുന്ന രീതിയിൽ ശബ്ദം പാടില്ലെന്നും ശബ്ദം നിയന്ത്രിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. പ്രധാന റോഡിലെ ബ്ലോക്ക് പരമാവധി ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ആഗസ്റ്റ് 28 ന് ഉച്ചയ്ക്ക് ശേഷം ഘോഷയാത്ര ആരംഭിക്കുകയും സമയം ക്രമീകരിച്ച് ഓരോ പോയിന്റുകളിലും എത്തി രാത്രി 10 നകം അവസാനിപ്പിക്കുകയും ചെയ്യണം. വിനായക പ്രതിമയുടെ ഉയരം കെ.എസ്.ഇ.ബിയുമായി ചർച്ച ചെയ്തു നിശ്ചയിക്കണമെന്ന് സംഘാടകസമിതി അംഗങ്ങളോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഘോഷയാത്രയിൽ 350 മുതൽ 400 ഓളം വിനായക രൂപങ്ങളാണ് നഗരത്തിലൂടെ കടന്നു പോകുന്നത്. അവ നിയന്ത്രിക്കുന്നതിനായി പ്രധാനപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി കൺട്രോൾ റൂം സജ്ജീകരിക്കും. കൂടാതെ ഓരോ പോയിന്റിലും ഓരോ നോഡൽ ഓഫീസർമാരെയും നിയമിക്കും. ഘോഷയാത്ര അച്ചടക്കത്തോട് കൂടി ക്രമീകരിക്കണം ഡി.ജെ യും ഒഴിവാക്കണം. നിമഞ്ജന സമയത്ത് കൂടുതൽ ശ്രദ്ധ നൽകി ഫയർഫോഴ്സ് ടീം സജ്ജം ആയിരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി അജിത് കുമാർ, അസി. കളക്ടർ രവി മീണ, എ.ഡി.എം കെ.സുനിൽകുമാർ, ആർ.ഡി.ഒ കെ.മണികണ്ഠൻ, വിവിധ വകുപ്പ് പ്രതിനിധികൾ, ഗണേശോത്സവ സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.