പാലക്കാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഷൊർണൂർ സ്വദേശിയും വർഷങ്ങളായി ഗൂഡല്ലൂർ ഒവേലി ന്യൂ ഹോപിൽ താമസക്കാരനുമായ മണി (62) ആണ് മരിച്ചത്. മഞ്ചുശ്രീ എസ്‌റ്റേറ്റിലെ തൊഴിലാളിയായ മണി ഇന്നലെ രാവിലെ എട്ടരയോടെ എസ്‌റ്റേറ്റ് ബംഗ്ലാവിലേക്ക് വെള്ളം തുറന്നുവിടാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് മണിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടുകൊടുക്കാതെ പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. പിന്നീട് അധികൃതർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ 20 ദിവസമായി ജനവാസമേഖലയിൽ കാട്ടാനശല്യമുണ്ടായിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് പറയുന്നു. മൂന്നുമാസത്തിനിടെ ഒവലേി പഞ്ചായത്തിലെ ന്യൂഹോപ്പിൽ ആറുപേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സരളയാണ് മണിയുടെ ഭാര്യ. മക്കൾ: സതീഷ്, ശാലിനി.