seenath
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സീനത്ത് ആശുപത്രിയിൽ ചികിത്സയിൽ.

 കാട്ടുപന്നിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി

വടക്കഞ്ചേരി: വാണിയമ്പാറ മഞ്ഞവാരിയിൽ ജോലിക്ക് പോകുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരക്കേറ്റ പുതിയ വീട്ടിൽ സീനത്തിനെ(50) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിലെ കാന്റീൻ ജീവനക്കാരിയായ സീനത്ത് രാവിലെ ജോലിക്ക് പോകുമ്പോൾ വഴിയിൽ കിടക്കുന്ന നിലയിലാണ് പന്നിയെ കണ്ടത്. തൊട്ടടുത്ത് എത്തിയപ്പോഴാണ് പന്നിയെ തിരിച്ചറിഞ്ഞത്. നിമിഷം നേരംകൊണ്ട് പന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സീനത്തിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ പിന്നീട് നടത്തിയ
അന്വേഷണത്തിലാണ് വീടിന് സമീപത്തെ കാനയിൽ ചത്ത നിലയിൽ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് വർഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. കൃഷിനാശവും പതിവാണ്. മേഖലയിൽ സോളാർ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലനം നടത്താത്തതിനാൽ തകർന്ന നിലയിലാണ്. വാണിയമ്പാറയിലും സമീപ പ്രദേശങ്ങളിലുമായി മൂന്ന് മാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന മൂന്നാമത്തെ ആളാണ് സീനത്ത്.