വടക്കഞ്ചേരി: കാട്ടാന ശല്യത്താൽ പൊറുതിമുട്ടിയ ജനങ്ങളുടെ ആശങ്കയ്ക്ക് ചെറിയൊരു ആശ്വാസം നൽകി വനം വകുപ്പ്. കിഴക്കഞ്ചേരി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായ പനങ്കുറ്റിയിൽ വനാതിർത്തിയിലുള്ള സൗരോർജ വേലി വനംവകുപ്പ് അധികൃതർ നന്നാക്കി തുടങ്ങി. പനങ്കുറ്റി തങ്കച്ചൻപാറ മുതൽ ഒളകരവരെയുള്ള ഭാഗത്താണ് സൗരോർജവേലി തകർന്നു കിടക്കുന്നത്. ഇതുവഴി കാട്ടാനയിറങ്ങുന്നത് പതിവായിരുന്നു. രണ്ടാഴ്ചയ്ക്കിടെ നിരവധി കർഷകരുടെ വാഴയും തെങ്ങും കവുങ്ങും റബ്ബറുമുൾപ്പെടെ കാട്ടാന നശിപ്പിച്ചു.

പനങ്കുറ്റി ജംഗ്ഷനു സമീപമുള്ള വീട്ടുവളപ്പിൽ വരെ കാട്ടാനയെത്തി. കൃഷിയിടത്തിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടാന വീട്ടുവളപ്പിലുമെത്തിയതോടെ നാട്ടുകാർ ഭീതിയിലായി. ഇതേ തുടർന്നാണ് സൗരോർജവേലി നന്നാക്കണമെന്നും തുടർപരിപാലനം ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമായത്. വാർത്തയെ തുടർന്ന് വിഷയം മന്ത്രി എ.കെ.ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെടുകയും സൗരോർജവേലി അടിയന്തരമായി നന്നാക്കാൻ വനംവകുപ്പധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. കർഷകർ ചേർന്ന് ഒപ്പിട്ട നിവേദനവും മന്ത്രിക്ക് നൽകി. പനങ്കുറ്റി വനാതിർത്തിയിൽ സമാന്തരമായി രണ്ട് സോളാർ വേലികളാണുള്ളത്. ഇതിൽ ഒരുവരി കമ്പി മാത്രമുപയോഗിച്ച് നിർമ്മിച്ചതാണ് നന്നാക്കുന്നത്. വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ.സലീം, സുരേഷ്ബാബു, വാച്ചർമാരായ ഷാജി, മിഥുൻ, മുഹമ്മദ് അലി, അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തുന്നത്. അഞ്ചുവരി കമ്പികളുള്ള മറ്റൊരു സൗരോർജവേലിയുടെ തൂണുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഇത് നന്നാക്കുന്നതിനായി അടങ്കൽ തയ്യാറാക്കുന്നതിനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ആലത്തൂർ റേഞ്ച് ഓഫീസർ എൻ.സുബൈർ പറഞ്ഞു.
.
പനങ്കുറ്റിയിൽ വനം വകുപ്പ് സൗരോർജ്ജ വേലി നന്നാക്കുന്നു.