dogs
രാത്രിയിൽ വടഞ്ചേരി നഗരത്തിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ.

വടഞ്ചേരി: നഗരത്തിൽ രാത്രിയാത്ര അപകടത്തിലാക്കി തെരുവ് നായ്ക്കളുടെ വിളയാട്ടം. ടൗണിലൂടെ രാത്രി യാത്രചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കൂട്ടത്തോടെ കുരച്ചുചാടുന്ന നായ്ക്കളുടെ മുന്നിൽ അകപ്പെടും. ചെറുപുഷ്പം ജംഗ്ഷനിലും റോയൽ ജംഗ്ഷൻ റോഡിലും ഗ്രാമം റോഡിലും കിഴക്കഞ്ചേരി റോഡിലും സുനിതാ മുക്കിലും ബസ് സ്റ്റാൻഡിലും കരയങ്കാട് കവലയിലുമൊക്കെയുണ്ട് നായ്ക്കൂട്ടങ്ങൾ. ഇവ വാഹനങ്ങൾക്കു പിന്നാലെ കുരച്ച് പാഞ്ഞെത്തും. എട്ടും പത്തും നായ്ക്കളാണ് ഒരു കൂട്ടത്തിൽ ഉണ്ടാവുക. വാഹനത്തിനുചുറ്റും നിന്ന് കുരച്ച് യാത്രികരെ പേടിപ്പെടുത്തും. ടൗണിൽ നായപിടിത്തം നടക്കുന്നുണ്ടെങ്കിലും മിക്കതും കെണികളിൽ വീഴുന്നില്ല. പഞ്ചായത്ത് നിയോഗിച്ച ആളുകളാണ് നായ്ക്കളെ പിടികൂടി ആലത്തൂരിലെ എ.ബി.സി സെന്ററിലേക്ക് മാറ്റുന്നത്. വാക്സിനേഷൻ നൽകി ഇവയെ വീണ്ടും അതേസ്ഥലത്ത് വിടുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്. വന്ധ്യംകരണം നടത്തി നായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ഷെൽറ്ററുകൾ സ്ഥാപിക്കണമെന്ന നിർദേശം നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്. അതല്ലെങ്കിൽ എല്ലാവർഷവും ഇവയെ പിടികൂടി വാക്സിനേഷൻ നൽകുന്നത് പ്രായോഗികമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പേപ്പട്ടി വിഷ ബാധയേതുടർന്ന് ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്. മൃഗ സംരക്ഷണവകുപ്പ് ക്യാമ്പുകൾ നടത്തി വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പും നടത്തുന്നുണ്ട്.