പുതുക്കോട്: പഞ്ചായത്തിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി. 15 വാർഡിലും തെരുവുനായകളുടെ സങ്കേതങ്ങൾ കണ്ടെത്തി വല ഉപയോഗിച്ച് പിടികൂടിയാണ് കുത്തിവെപ്പ് നൽകിയത്.100 തെരുവ് നായകൾക്കാണ് കുത്തിവെയ്പ്പ് നൽകിയത്. ഒരു വർഷമാണ് വാക്സിന്റെ കാലാവധി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി പേവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെയാണ് യജ്ഞം സംഘടിപ്പിച്ചത്. വെറ്റിനറി ഡോക്ടർ അനുശ്രീ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ അഖിൽ, മാധവ്, എ.ബി.സി സെന്ററിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടത്തിയത്. പുതുക്കോട് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.