പാലക്കാട്: കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനും ജനസൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പൊലീസ് ട്രാഫിക്ക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ് കോമ്പൗണ്ടിൽ പുതിയതായി നിർമ്മിച്ച യു.എസ്.ക്യൂ ക്വാർട്ടേഴ്സ്, ചിറ്റൂർ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും കൊപ്പം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഒമ്പത് വർഷമായി പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പഴയ പൊലീസ് സ്റ്റേഷനുകളുടെ സങ്കൽപ്പം ഇന്ന് പൂർണമായും മാറി. ഇപ്പോൾ പരാതിയുമായി എത്തുന്നവർക്ക് ഇരിപ്പിട സൗകര്യവും സഹായത്തിനായി ഹെൽപ്പ് ഡെസ്‌കും ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും കേരള പൊലീസ് മികച്ചു നിൽക്കുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള ഊർജ്ജസ്വലരായ ചെറുപ്പക്കാർ സേനയുടെ ഭാഗമായത് പൊലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ചു. ഇത് പുതുതലമുറ തട്ടിപ്പുകൾ പോലും ഫലപ്രദമായി തടയാൻ സഹായിക്കുന്നു. കേരള പൊലീസിന് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചത് സംസ്ഥാന സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. കുറ്റാന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളില്ലാത്തതിനാൽ പൊലീസിന് സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാൻ സാധിക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധ ശക്തികളെയും ലഹരിമാഫിയയെയും ചെറുക്കുന്നതിനും വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പൊലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ അനിവാര്യമാണ്. അതിനാൽ സോഷ്യൽ പൊലീസിങ് സംവിധാനം കൂടുതൽ ശക്തമായി തുടരാൻ സർക്കാർ തീരുമാനിച്ചു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ശാന്തമായ ഒരന്തരീക്ഷം നിലനിർത്തുന്നുണ്ട്. എന്നാൽ, ഈ അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ശക്തികൾക്കെതിരെ പൊലീസ് നിതാന്ത ജാഗ്രത പുലർത്തണമെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ചിറ്റൂർ പൊലീസ് ക്വാർട്ടേഴ്സ് കെട്ടിട ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം യു.എസ്.ക്യു ക്വാർട്ടേഴ്സ് കെട്ടിട ഉദ്ഘാടന ചടങ്ങിൽ കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊപ്പം പൊലീസ് സ്റ്റേഷൻ കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അദ്ധ്യക്ഷനായി.