ഭാര്യക്ക് സ്ഥിരം ജോലി നൽകി
മണ്ണാർക്കാട്: ശമ്പളക്കുടിശിക ലഭിക്കാതെ ചികിത്സയ്ക്കു പണമില്ലാതെ മരിച്ച പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ കെ.ചന്ദ്രന്റെ കുടുംബത്തെ ഒളപ്പമണ്ണ ദേവസ്വം അധികൃതർ സന്ദർശിച്ചു. സഹായധനം കൈമാറുകയും ചന്ദ്രന്റെ ഭാര്യയ്ക്ക് ക്ഷേത്രത്തിൽ സ്വീപ്പർ തസ്തികയിൽ സ്ഥിര നിയമനം നൽകിയതായും അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അധികൃതർ പള്ളിക്കുറുപ്പിലെ കുറിയപള്ളിയാൽ വീട്ടിലെത്തിയത്. അതിന് മുൻപ് ക്ഷേത്രത്തിലെത്തി ജീവനക്കാരുമായും സംസാരിച്ചു. ഒളപ്പമണ്ണ ദേവസ്വം ട്രസ്റ്റി ഒ.എം.ഹരിനമ്പൂതിരിപ്പാട്, ട്രസ്റ്റി അംഗം ഒ.എം.വാസുദേവൻ നമ്പൂതിരി, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് വീട് സന്ദർശിച്ചത്. ചന്ദ്രന്റെ ഭാര്യ ചന്ദ്രികയും മക്കളായ വിശാഖും വിഷ്ണുവും ചേർന്നാണ് ധനസഹായം ഏറ്റുവാങ്ങിയത്. 25,000 രൂപയാണ് സഹായ ധനം കൈമാറിയത്. തുടർന്ന് ജോലി നൽകിയതായുള്ള വിവരവും അറിയിച്ചു. ദേവസ്വംബോർഡ് ചെയർമാൻ വെള്ളിയാഴ്ച നേരിട്ടെത്തി നിയമന ഉത്തരവ് കൈമാറുമെന്നും അറിയിച്ചു. മലബാർ ദേവസ്വംബോർഡ് എക്സിക്യുട്ടീവ് ഓഫീസർ എം.പങ്കജാക്ഷൻ, പാലക്കാട് ഏരിയകമ്മിറ്റി ഭാരവാഹികളായ കെ.ടി.രാമചന്ദ്രൻ, വി.വി.നീലകണ്ഠൻ, ക്ഷേത്രം ജീവനക്കാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനായ വാരിയം കെ.വി.മുരളീധരന്റെ കുടുംബത്തിനുള്ള ചികിത്സാസഹായമായി 10,000 രൂപയും കൈമാറി. ചന്ദ്രൻ ഉൾപ്പെടെ നിരവധിപേർക്കുള്ള കുടിശ്ശിക തുക ലഭിക്കാത്തത് സാങ്കേതികമായ തടസങ്ങൾ മൂലമാണെന്ന് ക്ഷേത്രം പ്രതിനിധികൾ അറിയിച്ചു.