കൊല്ലങ്കോട്: ഗായത്രി പുഴയ്ക്ക് കുറുകെയുള്ള കൊല്ലങ്കോട് പുതുനഗരം സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന ഊട്ടറ ഗായത്രി പുഴപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എട്ടര പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിക്കുകയും പാലത്തിന്റെ കോൺക്രീറ്റ് പാളി ഇളകി ഗർത്തം രൂപപ്പെടുകയും ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം നിറുത്തിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരുമായി കെ.ബാബു എം.എൽ.എ ചർച്ച നടത്തി 50 ലക്ഷം രൂപ ചെലവിൽ പാലം താൽക്കാലികമായി ബലപ്പെടുത്തി വാഹനങ്ങൾ കടന്നു പോകാൻ സൗകര്യമൊരുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അപകട സൂചന രേഖപ്പെടുത്തിയ ബോർഡുംകളും സ്ഥാപിച്ചു. എന്നാൽ അമിതഭാരം കയറ്റി നിയന്ത്രണമില്ലാതെ പാലത്തിലൂടെ വാഹനങ്ങൾ പോകുന്നത് ബലക്ഷയം കൂട്ടി. തുടർന്ന് ഇവിടെ പുതിയ പാലം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 5.99 കോടി രൂപ ചിലവിൽ 30 മീറ്റർ നീളത്തിൽ രണ്ട് പ്രധാന സ്പാനിന് മുകളിലായി 60 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നിലവിലുള്ള പാലത്തിന് സമാന്തരായാണ് പുതിയ പാലം നിർമ്മിക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും കിഫ്ബിയും ചേർന്നാണ് പാലം പൂർത്തീകരിക്കുന്നത്. ഗോവ ആസ്ഥാനമായ ബാബ് (ബി.എ.എ.ബി) നിർമ്മാണ കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാരൻ സ്ഥലം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. 19 ന് നിർമ്മാണ പ്രവർത്തനത്തിന്റെ ഓഫീസ് തുടങ്ങും. ഈ മാസം തന്നെ നിർമ്മാണ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് അറിയുന്നത്. കെ.ബാബു എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ എന്നിവരും നിർമ്മാണ പ്രവർത്തനം നടത്തുന്ന സ്ഥലം പരിശോധന നടത്തി.