കോങ്ങാട്: കേരളശ്ശേരിയിൽ നിന്നും കോടികളുമായി മുങ്ങിയ ധനമിടപാട് സ്ഥാപന ഉടമയും മകനും അറസ്റ്റിൽ. കേരളശ്ശേരി ജംഗ്‌ഷനിൽ പ്രവർത്തിച്ചിരുന്ന ശ്രീപുരാനിധി ലിമിറ്റഡ് ഉടമ കൊട്ടംപ്പാടം വീട്ടിൽ പി.കെ.രാജൻ (72), മകൻ രാഗേഷ് (35) എന്നിവരെ കോങ്ങാട് പൊലീസാണ് പിടികൂടിയത്. പത്തിരിപ്പാലക്കടുത്ത് മണ്ണൂരിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഗോൾഡ് ലോൺ, ആർ.ഡി, ഫിക്സഡ് ഡിപ്പോസിറ്റ്, തുടങ്ങിയ മേഖലകളിൽ ബിസിനസ് നടത്തി വിശ്വാസം ആർജിച്ചായിരുന്നു തട്ടിപ്പ്. പണയം എടുക്കാൻ വന്നവരിൽ നിന്ന് പണം വാങ്ങിയ ശേഷം പിന്നീട് സ്വർണം നൽകാം എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ധനകാര്യ സ്ഥാപനം പ്രവർത്തിക്കാതെയായതോടെ നാട്ടുകാർ പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. ഒരുകോടി രൂപയോളം നിക്ഷേപിച്ച നൂറോളം ആളുകളാണ് പരാതിക്കാരായുള്ളത്. നിരവധി ആളുകൾ സ്വർണാഭരണം പണയം വച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ വഞ്ചന, ബഡ്സ് ആക്ട് എന്നിവ പ്രകാരമുള്ള കേസുകളാണ് എടുത്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഉടമ പിടിയിലായെന്നറിഞ്ഞ് നിരവധിയാളുകളും നിക്ഷേപകരും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടുണ്ട്. കേസ്സിൽ ഉൾപ്പെട്ട മുഖ്യ പ്രതി കെ.വിനോദ് ഉൾപ്പടെ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലിസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.